നിങ്ങള്‍ക്ക് എസ്ഡിപിഐ എന്ന് പറഞ്ഞാല്‍ പോരേ? എന്തിനാ ഏകോപനസമിതി? മുസ്ലീം ഏകോപന സമിതിക്കെതിരെ പി.കെ. ഫിറോസ്
ഹാദിയ കേസില് ഇന്നലെ കോടതിയിലേക്ക് നടന്ന മാര്ച്ചിനും ഇന്ന് മുസ്ലീം ഏകോപന സമിതിയുടെ പേരില് എറണാകുളത്ത് നടത്തുന്ന ഹര്ത്താലിനുമെതിരെ യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. ഇന്നലെയും ഇന്നുമായി മതത്തിന്റെ പേരില് എറണാകുളത്ത് നടക്കുന്ന സംഭവങ്ങള്ക്കെതിരെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഫിറോസിന്റെ പ്രതികരണം.
കോടതിയുടെ നടപടിയെ ന്യായീകരിക്കുന്നില്ലെന്നും എന്നാല്‍ അതിനെതിരെ കോടതിയിലേക്ക് മാര്‍ച്ച് നടത്തുകയല്ല മേല്‍കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും ഫിറോസ് തന്റെ കുറിപ്പില്‍ പറയുന്നു. ഹര്‍ത്താലും മാര്‍ച്ചുമൊക്കെ നടത്തുമ്പോള്‍ മതത്തിന്റെ പേരെന്തിനാണ് അതിലേക്ക് വലിച്ചിഴക്കുന്നത്. എസ്ഡിപിഐക്കാര്‍ക്ക് ഹര്‍ത്താല്‍ നടത്തണമെങ്കില്‍ ആ പേരിലങ്ങ് നടത്തിയാല്‍ പോരേ ഇതൊക്കെ. എന്തിനാണ് മുസ്ലീം ഏകോപന സമിതിയെന്ന പേരില്‍ ഇതൊക്കെ കാട്ടിക്കൂട്ടുന്നതെന്നും പി.കെ ഫിറോസ് ചോദിക്കുന്നു.
ഇത്തരത്തില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ ആര്‍എസ്എസും എസ്ഡിപിഐയും പോലെ തീവ്ര ചിന്താഗതികള്‍ മനസ്സിലുള്ളവരില്‍ വളരെ മോശമായ പ്രവണതകളെ ഉണര്‍ത്തൂവെന്നും ഫിറോസ് പറയുന്നു. അതിനാല്‍ തന്നെ തിളച്ചുമറിയുന്ന വികാരപ്രകടനവുമായി ഇവിടം മലിനമാക്കാന്‍ വന്നാല്‍ മതേതര കേരളം ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കുക തന്നെ ചെയ്യുമെന്നും ഫിറോസ് വ്യക്തമാക്കുന്നു.
ആരൊക്കെയാണ് ഏകോപന സമിതിയിലുള്ളതെന്നും ഫിറോസ് ചോദിക്കുന്നു. ഇത്തരത്തില്‍ കാണിക്കുന്ന തോന്ന്യവാസങ്ങള്‍ ഉപയോഗപ്പെടുത്തുന്ന വേറെയൊരു കൂട്ടരുണ്ട്. എറണാകുളത്തെ ഹര്‍ത്താല്‍ ഇസ്ലാമിസ്റ്റ് തീവ്രവാദം കേരളത്തില്‍ എത്രമാത്രം വളര്‍ന്നു പന്തലിച്ചു എന്നതിന് ഉത്തമോദാഹരണമാണ് എന്നു തുടങ്ങുന്ന ഒരു വാട്ട്‌സപ്പ് സന്ദേശം ചൂണ്ടിക്കാട്ടി ഫിറോസ് വിശദീകരിക്കുന്നു.