രാഹുൽ ഗാന്ധി ട്വിറ്ററിൽ; മൂന്ന് ട്വീറ്റുകളും 35000 ഫോളോവേഴ്സും പിന്നെ ടൺകണക്കിന് ട്രോളും
ന്യൂഡൽഹി: ഒടുവിൽ കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ട്വിറ്ററിൽ അക്കൗണ്ട് തുടങ്ങി സജീവമാകാൻ തീരുമാനിച്ചു. ‘OfficeOfRG’ എന്ന പേരിലാണ് അദ്ദേഹം അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത്. ഇന്നലെ വൈകീട്ട് ആരംഭിച്ച അക്കൗണ്ടിൽ ഇതുവരെ മൂന്ന് ട്വീറ്റുകളാണ് വന്നിട്ടുള്ളത്. 35,000 ത്തിലധികം പേരാണ് രാഹുലിനെ ഫോളോ ചെയ്യുന്നത്. രാഹുലിന്റെ ട്വിറ്റർ പ്രവേശനത്തെ കളിയാക്കി നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. പല പ്രമുഖരും രാഹുലിന്റെ വൈകിയ ട്വിറ്റർ പ്രവേശനത്തെ പരിഹസിച്ചു.
നരേന്ദ്ര മോഡിയുടെ അക്കൗണ്ട് ആരാണ് നടത്തുന്നതെന്ന് ജനങ്ങൾക്ക് അറിയാമെന്നും രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് ആരായിരിക്കും മാനേജ് ചെയ്യുന്നതെന്നും മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി ട്വീറ്റ് ചെയ്തു. രാഹുൽ ഗാന്ധി ശരിയായ നേതാവാണെന്നും ട്വിറ്ററിൽ അദ്ദേഹം ആരെയും ഫോളോ ചെയ്യുന്നില്ലെന്നും 35000 പേർ അദ്ദേഹത്തെയാണ് ഫോളോ ചെയ്യുന്നതെന്നും ചിലർ പരിഹസിക്കുന്നു. രാഹുലിനെക്കൊണ്ട് ഒറ്റയ്ക്ക് ട്വിറ്റർ അക്കൗണ്ടു പോലും ഉണ്ടാക്കാൻ കഴിയില്ലെന്നും ചിലർ പറയുന്നു. കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങളായിരിക്കും കവർചിത്രമെന്നും ചിലർ ട്രോൾ ചെയ്തു.
സോഷ്യൽ മീഡിയകളിൽ കത്തിനിൽക്കുന്ന നരേന്ദ്ര മോദിക്ക് 12 മില്ല്യണും അരവിന്ദ് കേജരിവാളിന് 4.3 മില്ല്യൺ ഫോളോവേർസുമാണുള്ളത്. മോഡി 999 പേരെയാണ് ഫോളോ ചെയ്യുന്നത്. കേജരിവാളകട്ടെ 104 പേരെയും. രാഹാുൽ ഗാന്ധി 3 അക്കൗണ്ടുകളെയാണ് ഫോളോ ചെയ്യുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്, എൻ.എസ്.യു , യൂത്ത് കോൺഗ്രസ് എന്നീ അക്കൗണ്ടുകളാണവ.