കേരളത്തെ പാകിസ്ഥാന് എന്ന് വിളിക്കുന്നത് ശരിയാണെന്ന് സമര്‍ത്ഥിക്കുന്ന ട്വീറ്റിന് പിന്തുണയുമായി രാജീവ് ചന്ദ്രശേഖര്‍
ന്യൂഡല്‍ഹി: കേരളത്തെ പാകിസ്ഥാന് എന്ന് വിളിച്ചത് ശരിയാണെന്ന് പറയുന്ന ട്വീറ്റിനെ പിന്തുണച്ച് ഏഷ്യാനെറ്റ് ഉടമയും എന്ഡിഎ വൈസ് ചെയര്മാനുമായ രാജീവ് ചന്ദ്രശേഖര്. ടൈംസ് നൗ ചാനലാണ് ഇടിമുഴങ്ങുന്ന പാകിസ്ഥാനിലേക്ക് ബിജെപി അധ്യക്ഷന് അമിത് ഷാ സന്ദര്ശനം നടത്തുന്നുവെന്ന് വാര്ത്ത നല്കിയത്. ഈ വാര്ത്തയുടെ സ്ക്രീന് ഷോട്ടിനൊപ്പം കേരളത്തെ പാകിസ്ഥാനെന്ന് വിളിച്ചത് ശരിയാണെന്ന് ലക്ഷ്മി കാനത്ത് എന്ന ട്വിറ്റര് അക്കൗണ്ട് ഉടമ ട്വീറ്റ് ചെയ്തു.
ഇതിനു താഴെയാണ് രാജീവ് ചന്ദ്രശേഖര്‍ ചിരിക്കുന്ന സ്‌മൈലി പോസ്റ്റ് ചെയ്ത് പ്രതികരിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, മുതിര്‍ന്ന നേതാവ് വി.മുരളീധരന്‍ എന്നിവരെയും ഈ ട്വീറ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്. രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണത്തില്‍ സോഷ്യല്‍ മീഡിയ ശക്തമായാണ് പ്രതികരിക്കുന്നത്.
കേരളത്തെ പാകിസ്ഥാന് എന്ന് വിളിച്ച ടൈംസ് നൗ ചാനലിനെതിരെ ടൈംസ്‌കൗ എന്ന ഹാഷ്ടാഗില്‍ കഴിഞ്ഞ ദിവസം വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ നടന്നത്. ഇതിനു പിന്നാലെ ഖേദപ്രകടനവുമായി ചാനല്‍ എത്തിയെങ്കിലും മലയാളി പ്രതിഷേധം തുടരുകയാണ്.