വിലക്കുകള്‍ പഴങ്കഥ; റാപ്പ് താരം നിക്കി മിനാഷ് സൗദി അറേബ്യയില്‍ സംഗീത പരിപാടി അവതരിപ്പിക്കും

വിനോദ പരിപാടികള്ക്ക് നിലവിലുള്ള വിലക്കുകള് സൗദ് അറേബ്യ പൊട്ടിച്ചെറിയുന്നു. റാപ്പ് താരം നിക്കി മിനാഷിന്റെ സംഗീത പരിപാടി ഈ മാസം സൗദിയില് നടക്കും.
 | 
വിലക്കുകള്‍ പഴങ്കഥ; റാപ്പ് താരം നിക്കി മിനാഷ് സൗദി അറേബ്യയില്‍ സംഗീത പരിപാടി അവതരിപ്പിക്കും

റിയാദ്: വിനോദ പരിപാടികള്‍ക്ക് നിലവിലുള്ള വിലക്കുകള്‍ സൗദ് അറേബ്യ പൊട്ടിച്ചെറിയുന്നു. റാപ്പ് താരം നിക്കി മിനാഷിന്റെ സംഗീത പരിപാടി ഈ മാസം സൗദിയില്‍ നടക്കും. 35 വര്‍ഷം നീണ്ട വിലക്ക് മാറ്റി സിനിമാ തീയേറ്ററുകള്‍ തുറന്നതിനു പിന്നാലെയാണ് റാപ്പ് സംഗീത പരിപാടി സൗദിയില്‍ അരങ്ങേറുന്നത്. യാഥാസ്ഥിതിക രീതികളില്‍ നിന്ന് പുറത്തു വരാന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊണ്ടുവരുന്ന പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് സെക്‌സ് ബിംബമന്ന് പേരുകേട്ട നിക്കിയുടെ റാപ്പ് സംഗീതനിശ.

ജൂലൈ 18ന് ജിദ്ദ സീസണ്‍ സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായാണ് നിക്കി മിനാഷിന്റെ പരിപാടിയെന്ന് ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചു. റെഡ് സീ സിറ്റിയിലെ കിംഗ് അബ്ദുള്ള സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ വെച്ചായിരിക്കും പരിപാടി നടക്കുക. സൗദി നിയമങ്ങളുടെ പരിധിയിലുള്ള പരിപാടിയായിരിക്കുമെന്നാണ് സംഘാടകര്‍ അറിയിക്കുന്നത്. ഇത് മദ്യ-മയക്കുമരുന്ന് രഹിതമായിരിക്കുമെന്നും 16 വയസിനു മേല്‍ പ്രായമുള്ളവര്‍ക്ക് പരിപാടി കാണാനെത്താമെന്നും സംഘാടകര്‍ വ്യക്തമാക്കി.

നിക്കിയുടെ റാപ്പ് സംഗീത നിശയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദേശികള്‍ക്കായി അതിവേഗത്തില്‍ ഇലക്ട്രോണിക് വിസ അനുവദിക്കുമെന്നും സൗദി അറിയിച്ചു. പരിപാടി എംടിവി സംപ്രേഷണം ചെയ്യും. ബ്രിട്ടീഷ് സംഗീതതാരം ലിയാം പെയിനും അമേരിക്കന്‍ ഡിജെ സ്റ്റീവ് അയോകിയും നിക്കിക്കൊപ്പം പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാട്ടുകളിലെ ലൈംഗികതയും ശരീരത്തോട് ഒട്ടിച്ചേര്‍ന്നുള്ള വസ്ത്രധാരണവും നിക്കിയുടെ വീഡിയോകളില്‍ പതിവാണ്. അതുകൊണ്ടു തന്നെയാണ് സൗദിയില്‍ നിക്കി മിനാഷ് അവതരിപ്പിക്കുന്ന സംഗീത പരിപാടി വാര്‍ത്തയാകുന്നതും. വാര്‍ത്താ സമ്മേളനത്തില്‍ നിക്കിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചെങ്കിലും ഇത് സംബന്ധിച്ചുള്ള ട്വീറ്റില്‍ നിക്കിയുടെ പേര് അനിമേറ്റ് ചെയ്തത് മാത്രമാണ് നല്‍കിയിരിക്കുന്നത്.

പരിപാടിയെക്കുറിച്ചുള്ള പ്രഖ്യാപനം സോഷ്യല്‍ മീഡിയയില്‍ വലിയ കോളിളക്കമുണ്ടാക്കിയിട്ടുണ്ട്. നിരവധി പേര്‍ അതിശയം പ്രകടിപ്പിച്ചപ്പോള്‍ ചിലര്‍ വിമര്‍ശനങ്ങളും ഉന്നയിക്കുന്നുണ്ട്. നിക്കി മിനാഷ് അല്‍പവസ്ത്രത്തില്‍ സംഗീത പരിപാടി അവതരിപ്പിക്കുമ്പോള്‍ അത് കാണാനെത്തുന്ന സൗദി സ്ത്രീകള്‍ അബായ ധരിക്കണമെന്ന് നിര്‍ബന്ധിക്കുന്നത് ഭരണകൂടത്തിന്റെ ഇരട്ടത്താപ്പാണെന്ന് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോ കുറ്റപ്പെടുത്തുന്നു. ഒരു സൗദി സ്ത്രീയുടെ വീഡിയോയാണ് വൈറലായത്.