മാര്‍പ്പാപ്പയുടെ ‘മാനസാന്തര’ത്തിനായ് പോട്ടയില്‍ ധ്യാനം; പ്രതിഷേധവുമായി വൈദികന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
കൊച്ചി: പുരോഗമനപരമായ പല നിലപാടുകളും സ്വീകരിച്ചതാണ് ഇപ്പോഴത്തെ മാര്പ്പാപ്പ ഫ്രാന്സിസ് മാര്പ്പാപ്പയെ തന്റെ മുന്ഗാമികളില് നിന്ന് വ്യത്യസ്തനാക്കിയത്. പൊതുസമൂഹം അദ്ദേഹത്തിന്റെ പല നിലപാടുകളേയും സ്വാഗതം ചെയ്തപ്പോള് വിശ്വാസികളില് ഒരു വിഭാഗം എതിര്പ്പുമായി രംഗത്തുവരികയും ചെയ്തു. ബിംഗ് ബാംഗ്-പരിണാമ സിദ്ധാന്തങ്ങള് ശരിയാണെന്നും ദൈവം മാന്ത്രികനല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിരീശ്വരവാദികളും സ്വര്ഗത്തില് പോകുമെന്നും പോപ്പ് പറഞ്ഞതായി റിപ്പോര്ട്ടുകളുണ്ട്.
ഭിന്ന ലൈംഗികതയുള്ളവരോട് അദ്ദേഹം സ്വീകരിച്ച മാനുഷികമായ നിലപാടുകള്ക്കും മതസൗഹാര്ദ്ദത്തിന് വേണ്ടി നടത്തിയ ഇടപെടലുകള്ക്കും ആഗോള സമൂഹത്തിന് വന് സ്വീകാര്യതയാണ് ലഭിച്ചത്. മാര്‍പ്പാപ്പ പുതുതായി നിയമിച്ച 17 കര്‍ദിനാള്‍മാരില്‍ വളരെ പുരോഗമനപരമായ നിലപാടുകളുള്ള ചിക്കാഗോ ആര്‍ച്ച്ബിഷപ്പ് ബ്ലേസ് ക്യുപിച്ചടക്കമുള്ളവര്‍ ഉള്‍പ്പെട്ടിരുന്നു.
എന്നാല്‍ സഭയില്‍ത്തന്നെ മാര്‍പ്പാപ്പയുടെ ഇത്തരം നിലപാടുകളെ വിമര്‍ശിക്കുന്ന ഒരു വിഭാഗമുണ്ട്. യാഥാസ്ഥിതിക വിശ്വാസികളുടെ ഈ ഗ്രൂപ്പ് പലപ്പോഴും മാര്‍പ്പാപ്പക്കെതിരായി പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ മാര്‍പ്പാപ്പയ്ക്ക് ‘മാനസാന്തര’മുണ്ടാകാനായി ഇങ്ങ് കേരളത്തില്‍ ധ്യാനം നടക്കുന്നതായി പുതിയ വാര്‍ത്തകള്‍ പുറത്തുവരുന്നു. പ്രമുഖ ധ്യാനകേന്ദ്രമായ പോട്ടയില്‍ ‘മാനാസാന്തര’ ധ്യാനം നടക്കുന്നതായി വൈദികനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ജിജോ കുര്യന്‍ പറയുന്നു. തന്റെ സുഹൃത്ത് ഇത്തരമൊരു ധ്യാനത്തില്‍ പങ്കെടുക്കുത്തതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. മാര്‍പ്പാപ്പയുടെ ‘അവിവേക’ത്തെക്കുറിച്ച് ധ്യാനത്തില്‍ പങ്കെടുക്കുന്നവരെ ‘ബോധവത്കരിക്കുന്ന’തായും അദ്ദേഹം പറഞ്ഞു.
പോസ്റ്റ് കാണാം.