വിദ്വേഷ പ്രസ്താവന; ബി. ഗോപാലകൃഷ്ണനെ ‘സൈലന്റായി ട്രോളി’ സന്ദീപാനന്ദഗിരി

ചന്ദ്രനിലേക്ക് നോക്കി നില്ക്കുന്ന ചെന്നായയുടെ ചിത്രം പോസ്റ്റ് ചെയ്താണ് ബി.ജെ.പി വക്താവിന്റെ പ്രസ്താവനയോട് സന്ദീപാനന്തഗിരി പ്രതികരിച്ചത്.
 | 
വിദ്വേഷ പ്രസ്താവന; ബി. ഗോപാലകൃഷ്ണനെ ‘സൈലന്റായി ട്രോളി’ സന്ദീപാനന്ദഗിരി

കൊച്ചി: പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ ബി.ജെ.പി വക്താവ് ബി. ഗോപാകൃഷ്ണനെ ട്രോളി സ്വാമി സന്ദീപാനന്ദഗിരി. ചന്ദ്രനിലേക്ക് നോക്കി നില്‍ക്കുന്ന ചെന്നായയുടെ ചിത്രം പോസ്റ്റ് ചെയ്താണ് ബി.ജെ.പി വക്താവിന്റെ പ്രസ്താവനയോട് സന്ദീപാനന്ദഗിരി പ്രതികരിച്ചത്. പിന്നീട് കമന്റ് ബോക്‌സില്‍ ചന്ദ്രനിലേക്ക് നോക്കി നില്‍ക്കുന്ന ഒട്ടകത്തിന്റെ പോസ്റ്റും അദ്ദേഹം ഷെയര്‍ ചെയ്തു.

ബി. ഗോപാലകൃഷ്ണന് സോഷ്യല്‍ മീഡിയ നല്‍കിയിരിക്കുന്ന ഇരട്ടപ്പേരാണ് ഒട്ടകം ഗോപാലന്‍. ഇതിനെ സൂചിപ്പിക്കുന്നതാണ് സന്ദീപാനന്ദഗിരിയുടെ പരിഹാസവും. ജയ് ശ്രീറാം വിളി സഹിക്കുന്നില്ലങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലതെന്നായിരുന്നു ഗോപാലകൃഷ്ണന്റെ അധിക്ഷേപം. ഇന്ത്യയില്‍ ജയ് ശ്രീറാം മുഴക്കാന്‍ തന്നെയാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. ഇനിയും മുഴക്കും. വേണ്ടിവന്നാല്‍ അടൂരിന്റെ വീടിനു മുന്നിലും ജയ് ശ്രീറാം വിളിക്കുമെന്നും ഗോപാലകൃഷ്ണന്‍ ഭീഷണി മുഴക്കിയിരുന്നു.

ജയ് ശ്രീറാം വിളി പ്രകോപനപരമായ യുദ്ധകാഹളമായി മാറുന്നുവെന്ന് കാണിച്ച് അടൂര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ പ്രമുഖരായ 49 സാമൂഹ്യസാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചിരുന്നു. പിന്നാലെയാണ് ഗോപാലകൃഷ്ണന്റെ വിദ്വേഷ പരമാര്‍ശം.

ചന്ദ്രനിലേക്കുള്ള ടിക്കറ്റ് തന്നാല്‍ അങ്ങോട്ട് പോകാമെന്നായിരുന്നു ഗോപാലകൃഷ്ണന് അടൂര്‍ നല്‍കിയ മറുപടി നേരത്തേ ഇവര്‍ എല്ലാവരെയും പാകിസ്ഥാനിലേക്കാ അയച്ചുകൊണ്ടിരുന്നത്. അവിടിപ്പം നിറഞ്ഞെന്ന് തോന്നുന്നു. ഇനി ചന്ദ്രഗ്രഹത്തിലേക്ക് ആരെങ്കിലും ടിക്കറ്റ് തന്നാല്‍ പോകാം. ഇനിയിപ്പോള്‍ വീട്ടിന് മുന്നില്‍ വന്ന് ആരെങ്കിലും നാമം ചൊല്ലിയാല്‍ സന്തോഷം. ഞാനും അവര്‍ക്കൊപ്പം ഇരുന്ന് നാമം ചൊല്ലും, അടൂര്‍ പറഞ്ഞു.