നടി ശരണ്യക്ക് വണ്ണം കൂടിയതായി ട്രോളിയവര്‍ക്ക് കിടിലന്‍ മറുപടിയുമായി നടിയുടെ ഭര്‍ത്താവ്
സിനിമാ താരങ്ങള്‍ എന്ത് ചെയ്താലും അത് ആഘോഷമാക്കുന്ന ട്രോളര്‍മാര്‍ ഒരുപാടുണ്ട് സോഷ്യല്‍ മീഡിയയില്‍. അത്തരത്തില്‍ അടുത്തിടെ പുറത്തു വന്നൊരു ട്രോളായിരുന്നു നടി ശരണ്യ മോഹനെപ്പറ്റിയുള്ളത്. കുഞ്ഞുണ്ടായ ശേഷമുള്ള നടിയുടെ ചിത്രവും അതിന് മുമ്പുള്ള ശരണ്യയുടെ ചിത്രവും ചേര്‍ത്തുവെച്ചായിരുന്നു ട്രോളര്‍മാരുടെ കലാപരിപാടി. എന്നാല്‍ അതിന് കൃത്യമായി ഫേസ്ബുക്കിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് നടിയുടെ ഭര്‍ത്താവായ അരവിന്ദ് കൃഷ്ണന്.
തന്നെക്കുറിച്ച് പുറത്തുവന്ന ട്രോള്‍ കണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്കുന്ന രീതിയിലാണ് പോസ്റ്റ്. ആവശ്യം ഉള്ളതിനും ഇല്ലാത്തതിനും മറ്റുള്ളവരെ ട്രോളുന്ന ട്രോളര്‍മാര്‍ക്ക് അരവിന്ദ് കുറിക്കുകൊള്ളുന്ന മറുപടിയാണ് ഇതിലൂടെ നല്‍കുന്നത്. വണ്ണം എന്നുള്ളത് വെക്കാനും കുറയാനും ഉള്ളതാണെന്നും ഭാരതത്തിലെ ഒരുപാട് നീറുന്ന പ്രശ്നങ്ങള്‍ക്കിടയില്‍ തന്റെ ഭാര്യയുടെ വണ്ണം പെടില്ലെന്നും അരവിന്ദ് തന്റെ കുറിപ്പില്‍ പറയുന്നു. ഇഷ്ടപ്പെട്ട മേഖല ഉപേക്ഷിച്ച് അമ്മയാകാനും ഭാര്യയാകാനും തന്റെ ഭാര്യ കാണിച്ചത്ര മാസ്സൊന്നുമല്ല ഈ ട്രോളുണ്ടാക്കിയവരും അത് വൈറലാക്കിയവരും ചെയ്തതെന്നും അരവിന്ദ് തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘ചേട്ടാ ,ട്രോള്‍ കണ്ടോ?’
‘കണ്ടു ‘
‘പ്രതികരിക്കുന്നില്ലേ?’
‘എന്തിന്?’
‘ഇവന്മാരോട് 4 വര്‍ത്തമാനം പറയണം’
‘ആവശ്യമില്ല സഹോ. ഭാരതത്തില്‍ ഒരു പാട് നീറുന്ന വിഷയങ്ങള്‍ ഉണ്ട്. എന്തായാലും എന്റെ ഭാര്യയുടെ വണ്ണം ആ പറയുന്ന വിഷയങ്ങളില്‍ പെട്ടതല്ല’
‘എന്നാലും? ‘
‘ഒരു എന്നാലും ഇല്ല. ഈ വണ്ണം എന്നത് വയ്ക്കാനുള്ളതും കുറക്കാനുള്ളതും ആണ്. ഇഷ്ടപ്പെട്ട മേഖല വേണ്ട എന്ന് വച്ച് നല്ല ഭാര്യയും പിന്നീട് നല്ല അമ്മയും ആകാന്‍ അവള് കാണിച്ച മാസ്സ് ഒന്നും ഈ ട്രോള്‍ ഉണ്ടാക്കിയവനും അത് വൈറല്‍ ആക്കിയ ‘നല്ല ‘ മനസുകാരും ചെയ്തിട്ടില്ല.’