മായാവിയുടെ പുതിയ എതിരാളി ലുട്ടാപ്പിക്കുള്ള ക്വട്ടേഷനോ? വിശദീകരണവുമായി ബാലരമ

കൊച്ചി: സോഷ്യല്‍ മീഡിയയില് തരംഗമായി സേവ് ലുട്ടാപ്പി ക്യാംപെയ്ന്. ലുട്ടാപ്പി ഫാന്സിന്റെ ‘പ്രതിഷേധത്തെ’ തുടര്ന്ന് ബാലരമ അധികൃതര് തന്നെ ‘നിലപാട്’ വ്യക്തമാക്കി രംഗത്ത് വന്നിട്ടുണ്ട്. ലുട്ടാപ്പിയെ ഒഴിവാക്കിയിട്ടില്ലെന്നും ലുട്ടാപ്പിക്ക് പുതിയ സഹായി എത്തുകയാണുണ്ടായതെന്നും മലയാള മനോരമ സോഷ്യല് മീഡിയ കോഡിനേറ്റര് ടോണി ജോസ് അറിയിച്ചു. #സേവ്_ലുട്ടാപ്പി, #ലുട്ടാപ്പി_ഉയിര്, #വി_വാന്ഡ്_ലുട്ടാപ്പി തുടങ്ങിയ ഹാഷ് ടാഗുകളിലാണ് ക്യാംപെയ്ന് നടക്കുന്നത്.
എന്തായാലും ലുട്ടാപ്പി ഫാന്‍സിന്റെ നര്‍മ്മത്തില്‍ പൊതിഞ്ഞ പ്രതിഷേധങ്ങളും തമാശകളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ബാലരമയുടെ ഫെയിസ്ബുക്ക് പേജില്‍ ഇന്നലെ മാത്രം ആയിരക്കണക്കിന് കമന്റുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ രസകരമായി വാദമാണ് ചില ഫാന്‍സുകാരുടേത്. ഇരുപതോളം വര്‍ഷം ആത്മാര്‍ത്ഥമായി പണിയെടുത്ത ലുട്ടാപ്പിയെ ഒഴിവാക്കി അനധികൃതമായി ബന്ധു നിയമനം നടത്തിയ ഡാകിനിക്ക് എതിരെയാണ് പ്രതിഷേധമെന്ന് ഒരാളുടെ കമന്റ്.
പുതിയ വില്ലന്‍ കഥാപാത്രം ലുട്ടാപ്പിയുടെ കാമുകിയാണെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്. സംഭവം എന്തായാലും രസകരമായ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. വര്‍ഷങ്ങളായി മായാവിയുടെ എതിരാളിയാണ് ലുട്ടാപ്പി. കുന്തത്തില്‍ കയറി പറന്ന് മായാവിയുടെ വടി സ്വന്തമാക്കുന്ന ലുട്ടാപ്പിയാണ് ബുദ്ധികേന്ദ്രമായ കുട്ടൂസന്റെയും ഡാകിനിയുടെയും പ്രധാന ആയുധം. ഇത്രയേറെ പ്രത്യേകതകളുണ്ടായിട്ടും ലുട്ടാപ്പിയെന്ന് തങ്ങളുടെ സ്വന്തം കുട്ടിച്ചാത്തനെ ഒഴിവാക്കാന്‍ അനുവദിക്കില്ലെന്നാണ് ചില ആരാധകരുടെ മുന്നറിയിപ്പ്.
എല്ലാ #ലുട്ടാപ്പി ഫാൻസിന്റെയും പ്രത്യേക ശ്രദ്ധയ്ക്ക്:#LuttappiIsSafeലുട്ടാപ്പിക്ക് ഒന്നും സംഭവിച്ചിട്ടില്ല….
Posted by K Tony Jose on Friday, February 8, 2019