ചിന്താ ജെറോമിന്റെ മാട്രിമോണിയല്‍ പരസ്യമെന്ന പേരില്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ചിത്രം വൈറല്‍
ഡിവൈഎഫ്ഐ നേതാവ് ചിന്താ ജെറോമിന്റെ മാട്രിമോണിയല്‍ പരസ്യമെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം വൈറലാകുന്നു. ക്രിസ്ത്യന്‍ വിവാഹങ്ങള്‍ക്കായുള്ള മാട്രിമോണിയല്‍ വെബ്സൈറ്റായ ചാവറ മാട്രിമോണിയില്‍ ചിന്താ ജെറോമിന്റെ പേരില്‍ നല്‍കിയിരിക്കുന്ന പ്രൊഫൈലിന്റെ സ്ക്രീന്‍ഷോട്ടാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ആര്‍സി ലാറ്റിന്‍ ക്രിസ്റ്റ്യന്‍ എന്ന മതം വിശദീകരിച്ചിരിക്കുന്നതാണ് ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുന്നത്.
ചിന്താ ജെറോമിന്റെ വ്യക്തിഗത വിവരങ്ങളും വിദ്യാഭ്യാസവും നല്‍കിയിട്ടുള്ള പ്രൊഫൈലില്‍ അധ്യാപികയായി ജോലി ലഭിക്കാന്‍ സാധ്യതയുണ്ടെന്നും രേഖപ്പെടുത്തിയിരിക്കുന്നു. കൊല്ലം സ്വദേശിയാണെന്നും എംടെക്, സിഎ, എംഫില്‍, പിഎച്ച്ഡി, എംബിബിഎസ്, സിവില്‍ സര്‍വീസ്, പ്രൊഫസര്‍മാര്‍ എന്നിവരില്‍ നിന്ന് ആലോചനകള്‍ ക്ഷണിക്കുന്നതായി മറ്റൊരു ചിത്രവും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നുള്ള ആലോചനകളാണ് ക്ഷണിക്കുന്നതെന്നും ഈ മാട്രിമോണിയല്‍ പരസ്യത്തില്‍ പറയുന്നു.

എതിര് രാഷ്ട്രീയ നിലപാടുകളുള്ളവരുടെ ഗ്രൂപ്പുകളിലാണ് ചിത്രം പ്രചരിക്കപ്പെടുന്നത്. ചാവറ മാട്രിമോണിയുടെ വെബ്സൈറ്റിലും ഈ പ്രൊഫൈല്‍ സജീവമായുണ്ട്. എന്നാല്‍ ഇതിന്റെ ആധികാരികതയേക്കുറിച്ച് വ്യക്തതയില്ല.