ഊബര്‍ വിളിച്ച സയനോരയ്ക്കും കൊച്ചിയിലെ ഓട്ടോ ഡ്രൈവര്മാരുടെ ഭീഷണി; ഫേസ്ബുക്ക് ലൈവുമായി ഗായിക
കൊച്ചി: ഓണ്‍ലൈന്‍ ടാക്സി സര്വീസ് ആയ ഊബര് വിളിച്ച ഗായിക സയനോരയ്ക്ക് കൊച്ചിയിലെ ഓട്ടോ ഡ്രൈവര്മാരുടെ ഭീഷണി. വെള്ളിയാഴ്ച പുലര്ച്ചെ എറണാകുളം നോര്ത്ത് റെയില്വേ സ്റ്റേഷനിലെത്തിയ സയനോര പനമ്പിള്ളി നഗറിലേക്ക് പോകാനാണ് ഊബര് വിളിച്ചത്. കാറില് കയറാന് ശ്രമിക്കുമ്പോള് ഓട്ടോ ഡ്രൈവര്മാര് വളയുകയും ഡ്രൈവറെ കാറില് നിന്ന് പിടിച്ചിറക്കാന് ശ്രമിക്കുകയും ചെയ്തതായി സയനോര പറയുന്നു. പുലര്ച്ചെ നാലരയ്ക്ക് ഫേസ്ബുക്ക് ലൈവിലെത്തിയാണ് താന് നേരിട്ട അനുഭവം സയനോര പങ്കുവെച്ചത്.
മലബാര്‍ എക്‌സ്പ്രസില്‍ കണ്ണൂര് നിന്നും പുലര്‍ച്ചെ മൂന്നരയ്ക്കാണ് താന്‍ എത്തിയത്. സാധാരണ റെയില്‍വേ സ്റ്റേഷനിലെ ടാക്‌സികളില്‍ പോകാറുണ്ട്. അവര്‍ അഞ്ഞൂറ് രൂപയും അതിനു മേലെയുമുള്ള തുകയാണ് ചാര്‍ജ് ചെയ്യാറുള്ളത്. ഇത്തവണ ഊബര്‍ ടാക്‌സി കിട്ടുമോ എന്ന് ശ്രമിച്ചതാണെന്നും സയനോര പറഞ്ഞു. കാര്‍ വളഞ്ഞ ഓട്ടോ ഡ്രൈവര്‍മാര്‍ ട്രിപ്പ് ക്യാന്‍സല്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചതായും സയനോര പറഞ്ഞു. സംഭവം സാധാരണക്കാരുടെയും അധകൃതരുടെയും ശ്രദ്ധയില്‍പ്പെടുത്താനാണ് ഫേസ്ബുക്കില്‍ ലൈവ് വന്നതെന്നും സയനോര വ്യക്തമാക്കി.
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇന്‍ഫോ പാര്‍ക്കിലേക്ക് പോകാന്‍ ഊബര്‍ ടാക്‌സിയില്‍ കയറിയ വിദ്യ ഗോപാലകൃഷ്ണന്‍ എന്ന യുവതിയെയും ടാക്‌സി ഡ്രൈവറെയും ഓട്ടോ ഡ്രൈവര്‍മാര്‍ അടുത്തിടെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത യുവതി അത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
വീഡിയോ കാണാം