ജവാന്റെ മൃതദേഹത്തിനോട് ചേര്‍ന്ന് സെല്‍ഫി; കണ്ണന്താനത്തിന്റെ ‘കോപ്രോയ’ത്തിനെതിരെ സോഷ്യല്‍ മീഡിയ

കോഴിക്കോട്: ജമ്മുകാശ്മീരിലെ പുല്വാമ ഭീകരാക്രമണത്തില് വീരമൃത്യു വരിച്ച സി.ആര്.പി.എഫ്. ജവാന് വസന്തകുമാറിന്റെ മൃതദേഹത്തിനരികെ നിന്ന് സെല്ഫിയെടുത്ത കേന്ദ്രമന്ത്രി അല്ഫോണ്സ് കണ്ണന്താനത്തിനെതിരെ രൂക്ഷ വിമര്ശനവുമായി സോഷ്യല് മീഡിയ. ജവാന്റെ മൃതദേഹത്തിന് അരികിലെത്തി കോപ്രോയം കാണിക്കുന്നവനെന്നാണ് സോഷ്യല് മീഡിയ കണ്ണന്താനത്തെ വിശേഷിപ്പിച്ചത്. വിമര്ശനം രൂക്ഷമായപ്പോള് ഫെയിസ്ബുക്കില് നിന്ന് സെല്ഫി കണ്ണന്താനം പിന്വലിച്ചെങ്കിലും വിമര്ശനം തുടരുകയാണ്.
”കശ്മീരിലെ പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീരജവാന്‍ വി.വി. വസന്തകുമാറിന്റെ സംസ്‌കാരചടങ്ങുകള്‍ അദ്ദേഹത്തിന്റെ വസതിയില്‍നടന്നു. വസന്തകുമാറിനെപ്പോലുള്ള ധീരജവാന്മാരുടെ ജീവത്യാഗം മൂലമാണ് നമുക്ക് ഇവിടെ സുരക്ഷിതരായി ജീവിക്കാന്‍ സാധിക്കുന്നത്”- എന്നായിരുന്നു കണ്ണന്താനത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഫോട്ടോ പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ വിമര്‍ശന കമന്റുകളുമെത്തി. മനുഷ്യത്വമില്ലാത്ത പ്രവസനമാണ് കണ്ണന്താനം നടത്തുന്നതെന്നായിരുന്നു ചിലരുടെ പ്രതികരണം. നേരത്തെ പ്രളയ സമയത്ത് ക്യാംപില്‍ കിടന്നുറങ്ങുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത് പുലിവാല് പിടിച്ച വ്യക്തിയാണ് കണ്ണന്താനം.
പോസ്റ്റ് പിന്‍വലിച്ചതിന് കണ്ണന്താനം കാരണമൊന്നും വ്യക്തമാക്കിയിട്ടില്ല. പല്‍വാമയില്‍ കൊല്ലപ്പെട്ട മറ്റൊരു സൈനികന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയെ റോഡ് ഷോയാക്കി ബി.ജെ.പി എം.പി സാക്ഷി മഹാരാജിനെതിരെയും സോഷ്യല്‍ മീഡിയ രംഗത്ത് വന്നിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഉന്നാവോ സ്വദേശിയായ സൈനികന്‍ അജിത് കുമാര്‍ ആസാദിന്റെ വിലാപയാത്രയാണ് മണ്ഡലത്തിലെ എം.പിയായ സാക്ഷി മഹാരാജ് റോഡ് ഷോയാക്കി മാറ്റിയത്.