ദുരിതാശ്വാസ ക്യാംപില് കിടന്നുറങ്ങുന്ന ഫോട്ടോ; കണ്ണന്താനത്തിനെതിരെ ട്രോള്‍ മഴ; പോസ്റ്റിന് കീഴെ ‘കുമോജി’ പ്രളയം
കൊച്ചി: ദുരിതാശ്വാസ ക്യാംപില് കിടന്നുറങ്ങുന്ന ഫോട്ടോ ഫെയിസ്ബുക്കില് പോസ്റ്റ് ചെയ്ത കേന്ദ്രമന്ത്രി അല്ഫോണ്സ് കണ്ണന്താനത്തിനെതിരെ സോഷ്യല് മീഡിയയില് ട്രോള് മഴ. പോസ്റ്റിന് 26,000 കുമോജി റിയാക്ഷനുകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. നന്നായി യോഗ ചെയ്താല് ഇങ്ങനെയൊക്കെ ഉറക്കത്തില് വരെ പോസ്റ്റ് ഇടാം മോദിജി ഒക്കെ ഉറക്കത്തില് വിമാനം വരെ പറത്തുമെന്നും ഒരാള് പോസ്റ്റിന് കീഴെ കമന്റ് ചെയ്തു. അതേസമയം പോസ്റ്റിന് വിശദീകരണവുമായി കണ്ണന്താനം രംഗത്ത് വന്നിട്ടുണ്ട്.
പോസ്റ്റ് ചെയ്തത് തന്റെ പേഴ്‌സണല്‍ സ്റ്റാഫാണാന്ന് വിശദീകരിച്ച് കണ്ണന്താനം വീണ്ടും പോസ്റ്റിട്ടെങ്കിലും ട്രോളന്മാര്‍ പരിഹാസം തുടരുകയാണ്. ദുരിതാശ്വാസ ക്യാംപില്‍ ഉറങ്ങാന്‍ തീരുമാനിച്ചുവെന്നായിരുന്നു ആദ്യം പോസ്റ്റിന്റെ അടിക്കുറിപ്പ് എന്നാല്‍ പിന്നീട് ചങ്ങനാശ്ശേരി എസ്ബി ഹൈസ്‌കൂളില്‍ ക്യാമ്പില്‍ എന്നാക്കി എഡിറ്റ് ചെയ്തു.