സമൂഹ മാധ്യമങ്ങളില്‍ തരംഗമായി രണ്ട് ഉദ്ഘാടനങ്ങള്‍; 3000 കോടി മുടക്കിയ പട്ടേല്‍ പ്രതിമ ഗുജറാത്തിലും മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി ഫ്‌ളാറ്റുകള്‍ കേരളത്തിലും ഉദ്ഘാടനം ചെയ്യപ്പെടുന്നു
കൊച്ചി: കേരളത്തിലെ സോഷ്യല് മീഡിയ ഇന്ന് പ്രധാനമായും ചര്ച്ച ചെയ്യുന്നത് രണ്ട് ഉദ്ഘാടനങ്ങളാണ്. 3000 കോടി രൂപ ചെലവാക്കി നിര്മ്മിച്ച സ്റ്റാച്യൂ ഓഫ് യൂണിറ്റിയുടെ ഉദ്ഘാടനവും 2016 ല് തിരുവനന്തപുരം വലിയതുറയിലുണ്ടായ കടല്ക്ഷോഭത്തില് കിടപ്പാടം നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങള്ക്ക് സംസ്ഥാന സര്ക്കാര് നിര്മ്മിച്ച നല്കിയ ഫ്ളാറ്റുകളുടെ ഉദ്ഘാടനവും. പ്രധാനമന്ത്രി കോടിക്കണക്കിന് രൂപ മുടക്കി നിര്മിച്ച പ്രതിമകള് ഉദ്ഘാടനം ചെയ്യാന് തിടുക്കം കാണിക്കുമ്പോള് കേരളം കിടപ്പാടം നഷ്ടപ്പെട്ടവര്ക്ക് അതുണ്ടാക്കാനുള്ള ശ്രമം നടത്തുകയാണെന്ന് സോഷ്യല് മീഡിയ പറയുന്നു. സ്റ്റാച്യൂ ഓഫ് യൂണിറ്റിക്ക് നേരെ മുന്പും വലിയ വിമര്ശനങ്ങള് ഉയര്‍ന്നിരുന്നു.
രാജ്യത്ത് ആവശ്യമായ വികസന പ്രവൃത്തികളല്ല മോഡിയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്നായിരുന്നു പ്രധാന വിമര്‍ശനങ്ങളിലൊന്ന്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിന് ആവശ്യമായ പണം നല്‍കാതിരുന്നത് ഉള്‍പ്പെടെ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. സംസ്ഥാനങ്ങളെ അടിയന്തര ഘട്ടത്തില്‍ പോലും സഹായിക്കാന്‍ ഒഴിവുകഴിവുകള്‍ പറയുന്ന കേന്ദ്രം പ്രതിമ നിര്‍മ്മിക്കാന്‍ എങ്ങനെ പണം കണ്ടെത്തുന്നുവെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു.
20 കോടി രൂപ ചെലവാക്കിയാണ് കേരളം 192 ഭവനങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍മ്മിച്ചു നല്‍കിയത്. മൂന്നര ഏക്കര്‍ സ്ഥലത്ത് എട്ട് വീതമുള്ള ഇരുപത്തിനാല് യൂണിറ്റുകളിലായാണ് 192 ഭവനങ്ങള്‍. ഓരോ വീട്ടിലും രണ്ട് കിടപ്പുമുറികള്‍, ഒരു ഹാള്‍, ഒരു അടുക്കള എന്നീ സൗകര്യങ്ങളുണ്ടാകും. മത്സ്യബന്ധന ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതിനാവശ്യമായ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
സര്‍ദാര്‍ വല്ലഭായി പട്ടേലിനോടുള്ള ആദരസൂചകമായി നിര്‍മ്മിച്ച സ്റ്റാച്യൂ ഓഫ് യൂണിറ്റി പ്രധാനമന്ത്രി രാവിലെ ഉദ്ഘാടനം ചെയ്തു. ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രതിമയായ സ്റ്റാച്യൂ ഓഫ് യൂണിറ്റിക്ക് 182 മീറ്റര്‍ ഉയരമുണ്ട്. ഗുജറാത്തിലെ നര്‍മദ ജില്ലയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് അഭിമുഖമായിട്ടാണ് പ്രതിമ സ്ഥിതി ചെയ്യുന്നത്. പ്രതിമയ്ക്കു സമീപം നിര്‍മിച്ച ‘ഐക്യത്തിന്റെ മതിലും’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
ഇത്തരമൊരു പ്രതിമയെക്കുറിച്ചു ചിന്തിച്ചപ്പോള്‍ താന്‍ മുഖ്യമന്ത്രി മാത്രമായിരുന്നു. പ്രധാനമന്ത്രിയാകുമെന്നോ പട്ടേലിന്റെ ഈ പ്രതിമ അനാവരണം ചെയ്യാന്‍ സാധിക്കുമെന്നോ ഒരിക്കലും കരുതിയിരുന്നില്ലെന്നും പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി, ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, മധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങിനെത്തിയിരുന്നു.