ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നും തെറിച്ചുവീണ യുവതിയെ അദ്ഭുതകരമായി രക്ഷപ്പെടുത്തി; വീഡിയോ
മുംബൈ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നും തെറിച്ചുവീണ യുവതിയെ അദ്ഭുതകരമായി രക്ഷപ്പെടുത്തി. സഹയാത്രികന്റെ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. മുംബൈയിലെ താനെയില്‍ നിന്ന് കല്ല്യാണിലേക്ക് പോകുകയായിരുന്ന ലോക്കല്‍ ട്രെയിനിലാണ് സംഭവം. ട്രെയിനില്‍ തിരക്ക് കാരണം വാതിലിന്റെ അടുത്തായി നിന്നിരുന്ന പെണ്‍കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
ട്രെയിനിന്റെ വാതിലിനടുത്ത് നിന്ന് ഫോണില്‍ സംസാരിക്കുന്നതിനിടെ മറ്റൊരു തീവണ്ടി തൊട്ടടുത്ത് പാളത്തിലൂടെ കടന്നുപോയതാണ് പെണ്‍കുട്ടി താഴെ വീഴാന്‍ കാരണം. അടുത്ത് നിന്നിരുന്ന യാത്രക്കാരിലൊരാള്‍ക്ക് പെണ്‍കുട്ടിയുടെ വസ്ത്രത്തില്‍ പിടികിട്ടിയതാണ് രക്ഷയായത്. മറ്റു യാത്രക്കാരും സമയോചിതമായി ഇടപെട്ടതോടെ ട്രാക്കില്‍ കാലുതൊടുന്നതിന് മുന്‍പ് തന്നെ പെണ്‍കുട്ടിയെ മുകളിലേക്ക് ഉയര്‍ത്താന്‍ സാധിച്ചു. തീവണ്ടിയുടെ ഡോറിനടുത്ത് നില്‍ക്കുന്നത് വലിയ അപകടം സൃഷ്ടിച്ചേക്കുമെന്ന മുന്നറിയിപ്പോടെയാണ് അപകടത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വീഡിയോ കാണാം.
To all the people traveling by Mumbai local trains, be careful while you stand on the footpath. pic.twitter.com/qkDthV1CEJ
— Ninja with 4 As (@SecretNinjaaaa) October 3, 2018