അര്‍ത്തുങ്കല്‍ പള്ളിക്കെതിരെ ബാബറി മസ്ജിദ് മോഡല്‍ ആഹ്വാനവുമായി ടി.ജി.മോഹന്‍ദാസ്; പള്ളി ശിവക്ഷേത്രമായിരുന്നെന്ന് ട്വീറ്റ്
അര്ത്തുങ്കല് പള്ളി ശിവക്ഷേത്രമായിരുന്നുവെന്ന് ആര്എസ്എസ് സൈദ്ധാന്തികന് ടി.ജി.മോഹന്ദാസ്. ട്വിറ്റര് സന്ദേശങ്ങളിലാണ് വിദ്വേഷമുണ്ടാക്കുന്ന പ്രസ്താവനകള് മോഹന്ദാസ് നടത്തിയത്. ക്രിസ്ത്യാനികള് ശിവക്ഷേത്രം പള്ളിയാക്കി മാറ്റിയെന്നും ഹിന്ദുക്കള് ആ ദിശ നോക്കി പ്രാര്ത്ഥിക്കുന്നുവെന്നും അതാണ് വെളുത്തച്ഛനെന്നുമാണ് മോഹന്ദാസിന്റെ അവകാശവാദം.

അര്ത്തുങ്കല് ശിവക്ഷേത്രം വീണ്ടെടുക്കുക എന്ന ജോലിയാണ് ഹിന്ദുക്കള്‍ ഇനി ചെയ്യേണ്ടതെന്ന ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കാനിടയുള്ള ആഹ്വാനവും മോഹന്‍ദാസ് നടത്തുന്നു. പള്ളിയുടെ അള്‍ത്താര പണിക്കിടയില്‍ പൊളിഞ്ഞു വീണുകൊണ്ടിരുന്നു. പരിഭ്രമിച്ച പാതിരിമാര്‍ ജ്യോത്സനെ കാണുകയും ഉപദേശപ്രകാരം ശ്രീകോവിലിന്റെ സ്ഥാനത്തു നിന്ന് അള്‍ത്താര മാറ്റിയെന്നും മോഹന്‍ദാസ് പറയുന്നു.

പഴയ ശ്രീകോവിലിനു നേര്‍ക്ക് നോക്കി ഹിന്ദുക്കള്‍ മാല ഊരാന്‍ തുടങ്ങി. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഉല്‍ഖനനം നടത്തിയാല്‍ തകര്‍ന്ന ക്ഷേത്രാവശിഷ്ടങ്ങള്‍ കാണാന്‍ കഴിയുമെന്നും മോഹന്‍ദാസ് വാദിക്കുന്നു.