‘പൊളി പറവയാണ്’; കെ. സുരേന്ദ്രനെതിരെ ട്രോള്‍ പ്രളയം

കൊച്ചി: കേരളത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പ്രസ്താവനയെ വളച്ചൊടിക്കാന്‍ ശ്രമിച്ച കെ.സുരേന്ദ്രനെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ. കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള പിണറായിയുടെ പ്രസ്താവന പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഉദ്ദേശിച്ചാണെന്ന വിധത്തിലായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. കേരളം, വടക്കേ ഇന്ത്യയിലെ മരുഭൂമികളില്‍ മാത്രമുള്ള ചില ദേശാടനപ്പക്ഷികളുടെ ഇഷ്ട കേന്ദ്രമായി മാറിയിരിക്കുകയാണെന്നും എന്തൊരാപത്താണ് വരാന്‍ പോകുന്നതെന്ന് നാം ചിന്തിക്കേണ്ടതുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
എന്നാല്‍ ഈ പ്രഭാഷണത്തിന് മറുപടിയെന്നോണം, വെറും ദേശാടനപ്പക്ഷിയല്ല. മാനസസരസ്സില്‍ നിന്നും മാലാകാരത്തിലേക്ക് പറന്നുയരുന്ന രാജഹംസമാണെന്ന് സുരേന്ദ്രന് ഫെയിസ്ബുക്കില് കുറിച്ചു. ഇതോടെയാണ് ട്രോളുമായി സോഷ്യല്‍ മീഡിയ രംഗത്ത് വന്നത്. മോഡിയുടെ ഫോട്ടോയും ഇതിനോടൊപ്പം ചേര്‍ത്തിരുന്നു. കാലാവസ്ഥാ വ്യതിയാനവും ജൈവവൈവിധ്യത്തിന്റെ പുനരുജ്ജീവനവും എന്ന പരിപാടിയില്‍ മുഖ്യമന്ത്രി നടത്തിയ പ്രഭാഷണത്തെ തെറ്റിദ്ധരിപ്പിക്കും വിധമായിരുന്നു സുരേന്ദ്രന്റെ പ്രതികരണമെന്നും സോഷ്യല്‍ മീഡിയ പ്രതികരിച്ചു. ‘ഹിമക്കരടി’ ട്രോളുകള്‍ക്ക് പിന്നാലെ വന്നിരിക്കുന്ന ‘പൊളി പറവ’ ട്രോള്‍ ബി.ജെ.പിക്ക് ക്ഷീണമായിരിക്കുകയാണ്.
കേരളം ഭിന്ന കാലാവസ്ഥാ പ്രദേശമായി മാറിക്കൊണ്ടിരിക്കുന്ന കാലമാണ്. നമ്മളുടെ നാടിന്റെ പഴയ കാലാവസ്ഥയ്ക്ക് മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. നമ്മുടെ നാട്ടില്‍ ദേശാടനപ്പക്ഷികള്‍ വരാറുണ്ട്. ഒരു ദേശാടനപ്പക്ഷിക്ക് നമ്മുടെ നാട് ഇഷ്ടഭൂമിയായി മാറുന്നുണ്ട്. അത് നമ്മളെയെല്ലാം അസ്വസ്ഥമാക്കുന്ന ഒന്നാണ്. കുറച്ച് ഭയചകിതരാക്കുന്നുമുണ്ട്. കാരണം അത് മരുഭൂമികളില്‍ മാത്രം കണ്ടുവരുന്ന ദേശാടപ്പക്ഷികളാണ്. എന്തൊരാപത്താണ് വരാന്‍ പോകുന്നതെന്ന് നാം ചിന്തിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പ്രഭാഷണത്തില്‍ വ്യക്തമാക്കിയിരുന്നു.
ട്രോളുകള്‍ കാണാം.









