സംവരണ വിരുദ്ധ പ്രസംഗം; ഹൈക്കോടതി ചീഫ് ജസ്റ്റിസിനെതിരെ വി.ടി.ബല്‍റാം
ജാതി സംവരണത്തിനെതിരെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി.ചിദംബരേഷ് നടത്തിയ പ്രസംഗത്തെ വിമര്‍ശിച്ച് വി.ടി.ബല്‍റാം. ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാള്‍ക്ക് ചേര്‍ന്ന വിധത്തിലല്ല ചീഫ് ജസ്റ്റിസ് പ്രസംഗിച്ചതെന്ന് ബല്‍റാം ഫെയിസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ജുഡീഷ്യറിയുടെ ഉന്നത പദവിയിലിരിക്കുന്ന ഒരാളാണ് ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണത്തിനെതിരെ പൊതുവേദിയില്‍ സംസാരിച്ചത്. ജാതി മേല്‍ക്കോയ്മയെക്കുറിച്ചും ബ്രാഹ്മണ വൈശിഷ്ട്യത്തെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ ദയനീയമാണെന്നും ബല്‍റാം പറഞ്ഞു.
കേരള ബ്രാഹ്മണ സഭ സംഘടിപ്പിച്ച തമിഴ് ബ്രാഹ്മണ ആഗോള സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടാണ് ജസ്റ്റിസ് ചിദംബരേഷ് ജാതി സംവരണത്തിനെതിരെ പരാമര്‍ശം നടത്തിയത്. സംവരണം സാമ്പത്തികാടിസ്ഥാനത്തില്‍ മാത്രമാക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ബ്രാഹ്മണര്‍ മുന്‍കയ്യെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബ്രാഹ്മണ സമുദായത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ജാതി സംവരണം മൂലം അവസരങ്ങള്‍ നഷ്ടമാകുന്നുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ നോണ്‍ ക്രീമി ലേയര്‍ വിഭാഗത്തിലുള്ള ബ്രാഹ്മണന്റെ മകന് സംവരണം ലഭിക്കുന്നില്ല. അതേസമയം ഒബിസി വിഭാഗത്തിലുള്ള നോണ്‍ ക്രീമി ലേയറില് വരുന്ന ഒരു മരക്കച്ചവടക്കാരന്റെ മകന് സംവരണം ലഭിക്കുന്നുവെന്നും ജസ്റ്റിസ് ചിദംബരേഷ് കൂട്ടിച്ചേര്‍ത്തു.
സമുദായം ഒരുമിച്ച് നിന്ന് സംവരണ വിഷയത്തിലുള്ള ആവശ്യങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ ഉന്നയിക്കണം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു വേണ്ടി അവതരിപ്പിക്കപ്പെടുന്ന പദ്ധതികള്‍ ബ്രാഹ്മണ സമൂഹത്തിനും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. അഗ്രഹാരങ്ങള്‍ക്ക് പൈതൃക പദവി നല്‍കണമെന്നും അവ സംരക്ഷിക്കപ്പെടണമെന്നും കൂടുതല്‍ വേദപാഠ ശാലകള്‍ സ്ഥാപിക്കണമെന്നും ജസ്റ്റിസ് ചിദംബരേഷ് പറഞ്ഞു.

