രാഹുല്‍ ഗാന്ധിയാണ്, രാഹുല്‍ ഈശ്വറല്ല കോണ്‍ഗ്രസിന്റെ നേതാവ്; ശബരിമല വിഷയത്തില്‍ പാര്‍ട്ടിയെ വിമര്‍ശിച്ച് ബല്‍റാം
കൊച്ചി: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടിനെ വിമര്‍ശിച്ച് തൃത്താല എം.എല്‍.എ വി.ടി ബല്‍റാം. പരോക്ഷമായാണ് സ്വന്തം പാര്‍ട്ടിയുടെ നിലപാട് ചോദ്യം ചെയ്ത് യുവ എം.എല്‍.എ രംഗത്ത് വന്നിരിക്കുന്നത്. രാഹുല്‍ ഗാന്ധിയാണ്, രാഹുല്‍ ഈശ്വറല്ല കോണ്‍ഗ്രസിന്റെ നേതാവെന്നത് ഓര്‍ക്കേണ്ടതുണ്ടെന്ന് ഫെയിസ്ബുക്ക് പോസ്റ്റില്‍ ബല്‍റാം പറയുന്നു.
പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ചിലര്‍ക്ക് പാര്‍ട്ടിയുടെ ആശയപരമായ ലെഗസിയേക്കുറിച്ച് പ്രാഥമിക ധാരണകളെങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. ഇക്കാര്യം കെപിസിസി പ്രസിഡന്റിനെ നേരിട്ട് അറിയിച്ചതായും ബല്‍റാം വ്യക്തമാക്കി. പ്രകോപനങ്ങളും പിടിവാശികളും കൊണ്ട് മതേതര കേരളത്തെ വര്‍ഗീയമായി നെടുകെപ്പിളര്‍ക്കാനുള്ള ഒരവസരമാക്കി ഈ വിഷയത്തെ മാറ്റിയ സംഘ് പരിവാറിനേയും സര്‍ക്കാരിനേയും തുറന്നു കാട്ടേണ്ടതുണ്ടെന്നും ബല്‍റാം ചൂണ്ടിക്കാണിച്ചു. നേരത്തെ ശബരിമല വിഷയത്തില്‍ എന്തുകൊണ്ട് ബല്‍റാം നിലപാട് വ്യക്തമാക്കുന്നില്ലെന്ന് വ്യക്തമാക്കണമെന്ന് സോഷ്യല്‍ മീഡിയ ആവശ്യപ്പെട്ടിരുന്നു.
ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്ന എന്റെ വ്യക്തിപരമായ കാഴ്ചപ്പാട് അതേപടി നിലനിര്‍ത്തുന്നതോടൊപ്പം സമൂഹത്തിലെ വലിയൊരു വിഭാഗം വരുന്ന അയ്യപ്പഭക്തരുടെ വികാരങ്ങളെക്കൂടി ഉള്‍ക്കൊണ്ട് നിലപാടെടുക്കാനുള്ള കോണ്‍ഗ്രസിന്റെ ജനാധിപത്യ ഉത്തരവാദിത്തത്തെയും മനസ്സിലാക്കുന്നു. എന്നാല്‍ ബ്രാഹ്മണ്യത്തിന്റെയും രാജഭക്തിയുടേയും പുരോഗമനവിരുദ്ധ ആശയങ്ങളുടേയും വക്താക്കളാകേണ്ട ഒരു ചുമതലയും കോണ്‍ഗ്രസിനില്ല. പഴയ നാട്ടുരാജാക്കന്മാരുടെ സകല കവനന്റുകളും ചവറ്റുകുട്ടയിലെറിഞ്ഞ് പ്രിവി പേഴ്സ് നിര്‍ത്തലാക്കിയ ഇന്ദിരാഗാന്ധിയുടെ പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസെന്നും ബല്‍റാം പറഞ്ഞു.
ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്ന എന്റെ വ്യക്തിപരമായ കാഴ്ചപ്പാട് അതേപടി നിലനിർത്തുന്നതോടൊപ്പം…
Posted by VT Balram on Friday, October 26, 2018