‘റഡാര്‍ തിയറി’ മോദിക്ക് ലഭിച്ച വിദഗ്ദ്ധ ഉപദേശമെന്ന് ബി.ജെ.പി നേതാവ് വി.വി രാജേഷ്

കൊച്ചി: മേഘങ്ങള്‍ റഡാറുകളില്‍ നിന്ന് വിമാനങ്ങളെ മറയ്ക്കുമെന്ന ‘തിയറി’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച വിദഗ്ദ്ധ ഉപദേശമാകാമെന്ന് ബി.ജെ.പി നേതാവ് വി.വി രാജേഷ്. മോദിക്ക് ലഭിച്ച വിദഗ്ധ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തമ ബോധ്യത്തോടെയായിരിക്കും അത്തരമൊരു നിര്‍ദേശം വ്യോമസേനയ്ക്ക് നല്‍കിയതെന്ന് വിവി രാജേഷ് മീഡിയ വണ്‍ ടിവിയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ പറഞ്ഞു. അതേസമയം ഇക്കാര്യം തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും വിവി രാജേഷ് കൂട്ടിച്ചേര്‍ത്തു.
ബലാക്കോട്ട് ആക്രമണം നടക്കുന്ന സമയത്ത് കാലാവസ്ഥ സംബന്ധിച്ച പ്രതികൂലമായ റിപ്പോര്‍ട്ട് വന്നിരുന്നു. നന്നായി മഴ പെയ്യുന്നുണ്ടായിരുന്നു. മേഘങ്ങളും കൂടുതലായിരുന്നു. അന്തരീക്ഷം മോശമായതിനാല്‍ ആക്രമണം മറ്റൊരു ദിവസത്തേക്ക് മാറ്റുന്നത് നന്നാവുമെന്നായിരുന്നു വിദഗദ്ധര്‍ ചൂണ്ടിക്കാണിച്ചത്. ഞാന്‍ ഈ മേഖലയിലെ വിദഗ്ധനോ ശാസ്ത്രജ്ഞനോ ഒന്നുമല്ല. എങ്കിലും അപ്പോള്‍ എന്റെ മനസില്‍ തോന്നിയ കാര്യം ഞാന്‍ സൈന്യത്തെ അറിയിച്ചു. കാലാവസ്ഥ നമുക്ക് അനുകൂലമാണെന്ന് ഞാന്‍ പറഞ്ഞു. മേഘങ്ങള്‍ റഡാറില്‍ നിന്ന് രക്ഷപ്പെടാന്‍ നമ്മുടെ പോര്‍വിമാനങ്ങളെ സഹായിക്കുമെന്ന് ഞാന്‍ വ്യക്തമാക്കി. ബാലാക്കോട്ട് ആക്രമണത്തിന് യാതൊരു ക്രെഡിറ്റും എനിക്ക് വേണ്ട എന്നാല്‍ സൈന്യത്തിന്റെ കഴിവിനെ കുറച്ചു കാണിക്കരുത്. ഇതായിരുന്നു മോഡിയുടെ പ്രസ്താവന.
പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രിയുടെ നിര്‍ണായക തീരുമാനമാണ് ബാലാക്കോട്ടില്‍ തുണയായത് എന്ന രീതിയില്‍ ബി.ജെ.പി ക്യാംപെയ്ന്‍ ആരംഭിച്ചിരുന്നു. ബി.ജെ.പിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകള്‍ പോലും ഇത് വലിയ ആഘോഷമാക്കി. എന്നാല്‍ റഡാര്‍ തിയറിയില്‍ വലിയ അബദ്ധം പിണഞ്ഞതായി പിന്നീടാണ് ബി.ജെ.പി കേന്ദ്രങ്ങള്‍ക്ക് മനസിലായത്. ഉടന്‍ ഈ പോസ്റ്റുകളെല്ലാം ഔദ്യോഗിക പേജുകളില്‍ നിന്ന് മുക്കി. പിന്‍വലിച്ച പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.