എല്ലാ പ്ലാറ്റ്‌ഫോമുകളിലും പൂര്‍ണ എന്‍ക്രിപ്ഷനുമായി വാട്‌സ്ആപ്പ്
വാട്സ്ആപ്പ് ഇനി മുതല് എല്ലാ പ്ലാറ്റുഫോമുകളിലും എന്ക്രിപ്ഷന് സൗക്രയത്തോടെ ലഭ്യമാകും. നൂറ് കോടിയോളം പേരാണ് വാട്സ് ആപ്പ് വഴി സന്ദേശങ്ങള് കൈമാറുന്നത്. എന്നാല് ഇതില് ആര്ക്ക് വേണമെങ്കിലും നുഴഞ്ഞ് കയറാനാകുന്ന സാഹചര്യമാണ് നിലവിലുണ്ടായിരുന്നത്. പുതിയ സംവിധാനം ഏര്പ്പെടുത്തുന്നതിലൂടെ ഇതിന് ഒരു പരിഹാരമാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
ആന്‍ഡ്രോയ്ഡ്, ഐഫോണ്‍, ബ്ലാക് ബെറി തുടങ്ങി എല്ലാ പ്ലാറ്റ്‌ഫോമുകളിലും എന്‍്ക്രിപ്ഷന്‍ സൗകര്യം ലഭ്യമാക്കും. സുരക്ഷിതത്വത്തിലും സ്വകാര്യതയിലും ഊന്നല്‍ നല്‍കുന്ന, ഉപഭോക്താക്കള്‍ക്കും സന്ദേശങ്ങള്‍ രഹസ്യമായി കൈമാറാനാഗ്രഹിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ പോലുളളവര്‍ക്കും ഏറെ പ്രയോജനകരമാകും പുതിയ സംവിധാനമെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ പുതിയ സംവിധാനം കുറ്രാന്വേഷണ ഏജന്‍സികള്‍ക്ക് തലവേദനയാകുമെന്നാണ് വിലയിരുത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായി സന്ദേശങ്ങള്‍ ഡീ കോഡ് ചെയ്യാന്‍ സാധിക്കില്ലെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
അതീവ ലളിതമാണ് ഈ സംവിധാനമെന്നും കമ്പനി അവകാശപ്പെടുന്നു. നിങ്ങള്‍ അയക്കുന്ന സന്ദേശം അത് വായിക്കേണ്ട ആളിലേക്ക് മാത്രമേ എത്തൂ. ഹാക്കര്‍മാര്‍ക്കും സൈബര്‍ കുറ്റവാളികള്‍ക്കും ഇത് വായിച്ചെടുക്കാനാകില്ലെന്നും വാട്‌സ്ആപ്പ് സ്ഥാപകരായ ജാന്‍ കൊയും ബ്രയാന്‍ ആക്ടനും അവരുടെ ബ്ലോഗില്‍ വ്യക്തമാക്കി.