മുത്തശ്ശന്റെ ചുംബനത്തെ ലൈംഗിക വൈകൃതമാക്കി ചിത്രീകരിച്ച ഫേസ്ബുക്ക് പേജിനെതിരേ യുവതിയുടെ പരാതി
കൊച്ചി: മുത്തശ്ശന്‍ ചുംബിക്കുന്നതിന്റെ ചിത്രം ദുരുപയോഗം ചെയ്യുകയും 86കാരന്റെ ലൈംഗിക വൈകൃതം എന്ന പേരില് പ്രചരിപ്പിക്കുകയും ചെയ്ത ഫേസ്ബുക്ക് പേജിനെതിരേ യുവതിയുടെ പരാതി. താര നന്ദിക്കര എന്ന യുവതിയാണ് സൈബര് സെല്ലിനെ സമീപിച്ചത്. സിനിമാവാര്ത്ത കേരള എന്ന പേജിലാണ് തന്റെയും മുത്തശ്ശന്റെയും ചിത്രം അപകീര്ത്തികരമായി ഉപയോഗിച്ചതെന്ന് താര ഫേസ്ബുക്ക് പോസ്റ്റില് പറഞ്ഞു.
മൂന്നര വര്‍ഷം മുമ്പ് താന്‍ പോസ്റ്റ് ചെയ്ത ഈ ഫോട്ടോ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് തമിഴ്‌നാട്ടിലാണ് ആദ്യം ദുരുപയോഗം ചെയ്യപ്പെട്ടത്. രാഷ്ട്രീയക്കാരെ കുറിച്ച് കള്ളവാര്‍ത്തകള്‍ ഉണ്ടാക്കി വിടുന്ന ഏതോ തമിഴ് പേജിലാണ് അത് കണ്ടതെന്ന് താര എഴുതുന്നു. ഡിഎംകെ നേതാവും സ്ഥാനാര്‍ത്ഥിയുമായിരുന്ന അന്‍പഴകന്‍ എന്നയാള്‍ക്ക് മുത്തശ്ശനുമായുള്ള മുഖച്ഛായ മുതലെടുത്തായിരുന്നു ആ വാര്‍ത്ത.
തന്റെ ഭര്‍ത്താവിന്റെ തമിഴ്‌നാട്ടിലുള്ള ഒരു സുഹൃത്താണ് അത് ശ്രദ്ധയില്‍ പെടുത്തിയത്. അന്ന് അതിനെതിരെ പോലീസ് സ്റ്റേഷനിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. പിന്നാലെ നില്‍ക്കാന്‍ വയ്യാത്തതിനാല്‍ അതു വിട്ടു.

രണ്ട് ദിവസം മുന്‍പ് ഇതേ ഫോട്ടോ വ്യാജ അശ്ലീല വാര്‍ത്തകള്‍ മാത്രം പ്രചരിപ്പിക്കുന്ന മറ്റൊരു മലയാളം പേജില്‍ ഉപയോഗിച്ചിരിക്കുന്നതായി ചില സുഹൃത്തുക്കള്‍ ശ്രദ്ധയില്‍ പെടുത്തി. 86 വയസ്സുള്ള കോട്ടയംകാരന്റെയും 24 കാരിയായ മരുമകളുടെയും വീഡിയോ വാട്‌സാപ്പില്‍ കണ്ട് ഗള്‍ഫിലുള്ള ചെറിയ മകന്‍ ഞെട്ടി എന്നായിരുന്നു വാര്‍ത്ത. ഫോട്ടോയില്‍ കാണുന്നത് തന്റെ മുത്തശ്ശനാണെന്നും 84 വയസാണ് പ്രായമെന്നും താര പറയുന്നു.
മാസ് റിപ്പോര്‍ട്ട് ചെയ്ത് ഈ പോസ്റ്റ് പൂട്ടിച്ചിട്ടുണ്ട്. പേജ് പൂട്ടിക്കാന്‍ ശ്രമിച്ചിട്ട് സാധിക്കാത്തതിനാല്‍ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് താരയുടെ പോസ്റ്റ് അവസാനിക്കുന്നത്.
പോസ്റ്റ് കാണാം