ഓണ്‍ലൈനില്‍ ഓര്ഡര് ചെയ്ത ഭക്ഷണം വഴിമധ്യേ കഴിച്ച ഡെലിവറി ബോയിയെ സോമാറ്റോ പുറത്താക്കി

ന്യൂഡല്‍ഹി: ഓണ്‍ലൈനില്‍ ഓര്ഡര് ചെയ്ത ഭക്ഷണം വഴിമധ്യേ കഴിച്ച ഡെലിവറി ബോയിയെ സോമാറ്റോ പുറത്താക്കി. തങ്ങളുടെ ഒഫിഷ്യല് പേജിലൂടെയാണ് സോമാറ്റോ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഓര്ഡര് ചെയ്ത ഭക്ഷണം വഴിമധ്യേ കഴിച്ച ശേഷം ഹോട്ടല് പാക്കിംഗിന് സമാന രീതിയില് റീ-പാക്ക് ചെയ്യുന്ന ഡെലിവറി ബോയിയുടെ വീഡിയോ നേരത്തെ സോഷ്യല് മീഡിയയില് വൈറലായിരുന്നു. ഉപഭോക്താക്കളോട് ക്ഷമ ചോദിക്കുന്നതായും ഇത്തരം നടപടികളുണ്ടാവാതിരിക്കാന് കാര്യക്ഷമമായ നടപടിയെടുക്കുമെന്നും കമ്പനി അറിയിച്ചു.
മധുരയിലുള്ള ഡെലിവറി ബോയിയുടെ വീഡിയോയാണ് വൈറലായതെന്ന് തിരിച്ചറിഞ്ഞയുടന്‍ ഇയാളെ ഫോണില്‍ ബന്ധപ്പെടുകയും ജോലിയില്‍ നിന്ന് നീക്കം ചെയ്യുന്നതായി അറിയിക്കുകയും ചെയ്തതായി സോമാറ്റോ അറിയിച്ചു. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്തെ ഭീമന്മാരായ സോമാറ്റോയുടെ വീഡിയോ വിശ്വാസ്യത ചോദ്യം ചെയ്യുന്നതായിരുന്നു വീഡിയോയിലെ ദൃശ്യങ്ങള്‍. ഇന്ത്യയില്‍ ഏറ്റവും സജീവമായ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകളിലൊന്നാണ് സോമാറ്റോ.
അതേസമയം ഡെലിവറി ബോയിയെ ഒഴിവാക്കിയ നടപടി കടുത്തതായിപ്പോയിയെന്ന് സോഷ്യല്‍ മീഡിയ പ്രതികരിച്ചു. ഡെലിവറി ബോയ്‌സിന് ചിലപ്പോള്‍ ജോലി സമയത്ത് ഭക്ഷണം കഴിക്കാന്‍ സമയം ലഭിക്കാറുണ്ടാവില്ലെന്നും വിശപ്പിനെ ആര്‍ക്കും തടഞ്ഞ് നിര്‍ത്താന്‍ കഴിയില്ലെന്നും ചിലര്‍ പ്രതികരിച്ചു. വിശന്നപ്പോള്‍ ഭക്ഷണം കഴിച്ചതിന് ഒരാളെ പുറത്താക്കേണ്ടിയിരുന്നില്ലെന്നാണ് ചിലരുടെ പക്ഷം.