ഫെയിസ്ബുക്കില് കൂടുതല്‍ റീച്ച് കിട്ടുന്നത് വ്യാജവാര്ത്തകള്ക്കെന്ന് പഠനം; പക്ഷേ ഒരു നിബന്ധനയുണ്ട്

ഫെയിസ്ബുക്കില് ഏറ്റവും കൂടുതല്‍ ലൈക്കും ഷെയറും കിട്ടുന്നത് വ്യാജവാര്ത്തകള്ക്കെന്ന് പഠനം. ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ സൈബര്‍ സെക്യൂരിറ്റി ഫോര്‍ ഡെമോക്രസി പ്രോജക്ടിലെ ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. സോഷ്യല്‍ മീഡിയയില്‍ എത്തുന്നവയില്‍ നല്ലൊരു ശതമാനം വ്യാജ വിവരങ്ങളാണെന്ന് ഇപ്പോള്‍ എല്ലാവര്ക്കും അറിയാം. കൂടുതല്‍ എന്‍ഗേജ്മെന്റ് കിട്ടുന്നതും ഇവയ്ക്ക് തന്നെയാണ്.
വലതുപക്ഷ അനുകൂല വ്യാജ വാര്‍ത്തകളാണ് ഫെയിസ്ബുക്ക് എന്‍ഗേജ്മെന്റില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതെന്നും പഠനം പറയുന്നു. ഇടത് അനുകൂല പ്രസാധകര് വ്യാജവാര്‍ത്തകള്‍ നല്കിയാലും അവയ്ക്ക് കാര്യമായ വായനക്കാരുണ്ടാകുന്നില്ല. സ്ഥിരമായി വ്യാജ വിവരങ്ങള്‍ മാത്രം നല്‍കുന്നവര്‍ക്ക് അല്ലാത്തവരേക്കാള്‍ 65 ശതമാനം കൂടുതല്‍ എന്‍ഗേജ്മെന്റാണ് ലഭിക്കുന്നത്. ഇത്തരം പേജുകളില്‍ നിരന്തരം കൂടുതല്‍ ലൈക്കുകളും ഷെയറുകളും കമന്റുകളും വരുന്നുണ്ട്.
അമേരിക്കന്‍ മാധ്യമങ്ങളിലെ വാര്‍ത്താ ഉറവിടങ്ങളായ 1973 ഫെയിസ്ബുക്ക് പേജുകളാണ് പഠനത്തിന് വിധേയമാക്കിയത്. തീവ്ര വലതുപക്ഷ നിലപാടുകള്‍ മുതല്‍ തീവ്ര ഇടതുപക്ഷ നിലപാട് വരെ സ്വീകരിക്കുന്ന പേജുകളായി ഇവയെ തരംതിരിച്ചായിരുന്നു പഠനം. ഫെയ്സ്ബുക്കിന്റെ തന്നെ ക്രൗഡ് ടാങ്കിള്‍ സേവനം ഉപയോഗിച്ചാണ് ഗവേഷകര്‍ വിവരശേഖരണം നടത്തിയത്.
ഫെയിസ്ബുക്ക് വലതുപക്ഷ ആശയങ്ങളുള്ള പേജുകളെ വായനക്കാരിലേക്ക് കൂടുതലായി എത്തിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി. എന്‍ഗേജ്മെന്റ് കൂടുന്നത് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന അല്‍ഗോരിതമാണ് ഇതിന് കാരണമായി വിശദീകരിക്കപ്പെടുന്നത്. അതായത് കൂടുതല്‍ എന്ഗേജ്മെന്റുണ്ടാകുന്ന കണ്ടന്റുകള്‍ക്ക് ഫെയിസ്ബുക്ക് തന്നെ കൂടുതല്‍ റീച്ച് നല്‍കുമെന്ന് പഠനം പറയുന്നു.