ജീവൻ ടി.വിയിൽ കൂട്ടപ്പിരിച്ചുവിടൽ; ന്യൂസ് ബ്യൂറോകൾ പൂട്ടുന്നു

മലയാളത്തിലെ മറ്റൊരു ചാനലിന്റെ ന്യൂസ് വിഭാഗവും പ്രതിസന്ധിയിലേക്ക്. ഇന്ത്യാവിഷനും, ടിവി ന്യൂവിനും ശേഷം ജീവൻ ടി.വി.യിലാണ് പുതിയ പ്രതിസന്ധി.
 | 
ജീവൻ ടി.വിയിൽ കൂട്ടപ്പിരിച്ചുവിടൽ; ന്യൂസ് ബ്യൂറോകൾ പൂട്ടുന്നു

 

കൊച്ചി: മലയാളത്തിലെ മറ്റൊരു ചാനലിന്റെ ന്യൂസ് വിഭാഗവും പ്രതിസന്ധിയിലേക്ക്. ഇന്ത്യാവിഷനും, ടിവി ന്യൂവിനും ശേഷം ജീവൻ ടി.വി.യിലാണ് പുതിയ പ്രതിസന്ധി. ജീവൻ ടി.വിയിലെ ന്യൂസ് ബ്യൂറോകൾ പൂട്ടുന്നതായും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ച് വിടുന്നതായുമാണ് റിപ്പോർട്ട്.

കോട്ടയം ബ്യൂറോയിലെ റിപ്പോർട്ടറോടും ക്യാമറാ മാനോടും രാജിവക്കാൻ മാനേജ്‌മെന്റ് ആവശ്യപ്പെട്ടതിനേത്തുടർന്ന് കഴിഞ്ഞ ദിവസം ഇരുവരും രാജിവച്ചിരുന്നു. തുടർന്ന് ഇടുക്കിയിലും സമാന രംഗങ്ങൾ അരങ്ങേറുകയാണ്. ഇടുക്കി റിപ്പോർട്ടർ പത്രപ്രവർത്തന യൂണിയൻ അംഗമായതിനാൽ വിഷയം യൂണിയന്റെ പരിഗണനയിലാണ്. രാജിവക്കേണ്ടെന്നും സംഘടനാപരമായ നടപടികളിലൂടെ നേരിടാമെന്നും യൂണിയൻ ഭാരവാഹികൾ റിപ്പോർട്ടർക്ക് ഉറപ്പ് നൽകിയതായി അറിയുന്നു.

ജീവൻ ടി.വിയുടെ തൃശൂർ, കണ്ണൂർ ബ്യൂറോകളും ഉടൻ പൂട്ടാൻ മാനേജ്‌മെന്റ് തീരുമാനിച്ചിട്ടുണ്ടെന്ന് ജീവനക്കാർ ആരോപിക്കുന്നു. രാജിവക്കാൻ നിർബന്ധിതമായി ആവശ്യപ്പെട്ട് ആനുകൂല്യങ്ങൾ നൽകാതെ പിരിച്ചുവിടുകയാണെന്നാണ് ജീവനക്കാർ ആരോപിക്കുന്നത്. ഇതിനെതിരെ പത്രപ്രവർത്തക യൂണിയന്റെ ആഭിമുഖ്യത്തിൽ സമരപരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്.