മേരികോം ഡാൻസ് റിയാലിറ്റി ഷോയിലേക്ക്?

മുംബൈ: ഇന്ത്യയുടെ അഭിമാനമായ വനിതാ ബോക്സിങ് താരം എം.സി. മേരികോം ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തേക്കുമെന്ന് വാർത്ത. സ്റ്റാർ പ്ലസിലെ പ്രമുഖ സെലിബ്രിറ്റി ഡാൻസ് റിയാലിറ്റി ഷോ ആയ ‘നച്ച് ബലിയേ’ സീസൺ 7ൽ മേരികോമും ഭർത്താവ് ഓൺലറും പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യം ഇതുവരെ സ്ഥീരീകരിച്ചിട്ടില്ല.
ഷോയിൽ പങ്കെടുക്കുക എന്ന ആവശ്യവുമായി മേരികോമിനെ സമീപിച്ചെന്നും അനുകൂല മറുപടിക്കായി കാത്തിരിക്കുകയാണെന്നും ചാനൽ വക്താക്കൾ അറിയിച്ചു. അഭിനേതാക്കളെയും ഗായകരെയും മാത്രം ഉൾക്കൊള്ളിച്ചായിരുന്നു ആദ്യ സീസൺ അരങ്ങേറിയത്. എന്നാൽ ഇത്തവണ മറ്റ് മേഖലകളിൽ നിന്നുള്ള സെലിബ്രിറ്റികളെ കൂടി പരിപാടിയിൽ ഉൾപ്പെടുത്താൻ സംഘാടകർ ആലോചിക്കുന്നുണ്ടെന്നും ഇവർ വ്യക്തമാക്കി.
പത്ത് സെലിബ്രിറ്റി ജോഡികൾ തമ്മിലുള്ള ഡാൻസ് മത്സരത്തിൽ പ്രേക്ഷകരുടെ വോട്ടിങ്ങിലൂടെയാണ് ജേതാക്കളെ കണ്ടെത്തുന്നത്. ഫറാ ഖാൻ, ശിൽപ ഷെട്ടി, ഫർഹാൻ അക്തർ, മല്ലിക അറോറ, കരിഷ്മ കപൂർ, പ്രയങ്ക ചോപ്ര തുടങ്ങിയ താരങ്ങൾ ഷോയിലെ വിധികർത്താക്കളായിരുന്നു.