ടിവി ന്യൂ ജീവനക്കാരും സമരത്തിൽ; വാർത്താ സംപ്രേക്ഷണം നിലച്ചു

ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് മലയാളത്തിലെ മറ്റൊരു ടെലിവിഷൻ ചാനലിലെ ജീവനക്കാർ കൂടി സമരത്തിലേക്ക്. കേരളാ ചേംമ്പർ ഓഫ് കൊമേഴ്സിന്റെ നിയന്ത്രണത്തിലുള്ള ടിവി ന്യൂ ചാനലിലെ മാധ്യമപ്രവർത്തകരാണ് ഇന്നലെ വൈകിട്ട് ആറു മുതൽ പണിമുടക്കിയത്.
 | 

ടിവി ന്യൂ ജീവനക്കാരും സമരത്തിൽ; വാർത്താ സംപ്രേക്ഷണം നിലച്ചു
കൊച്ചി:
ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് മലയാളത്തിലെ മറ്റൊരു ടെലിവിഷൻ ചാനലിലെ ജീവനക്കാർ കൂടി സമരത്തിലേക്ക്. കേരളാ ചേംമ്പർ ഓഫ് കൊമേഴ്‌സിന്റെ നിയന്ത്രണത്തിലുള്ള ടിവി ന്യൂ ചാനലിലെ മാധ്യമപ്രവർത്തകരാണ് ഇന്നലെ വൈകിട്ട് ആറു മുതൽ പണിമുടക്കിയത്.

ഏതാനും മാസം മുൻപ് മാത്രം പ്രവർത്തനം ആരംഭിച്ച ടി.വി. ന്യൂ തുടക്കം മുതലേ പ്രതിസന്ധിയിലായിരുന്നു. ഇന്ത്യാവിഷനിൽ വാർത്താ അവതാരകനായിരുന്ന ഭഗത് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലായിരുന്നു ചാനലിന്റെ തുടക്കം. ചേംബർ ഓഫ് കൊമേഴ്‌സ് കഴിഞ്ഞാൽ സ്ഥാപനത്തിൽ ഏറ്റവും മുതൽ മുടക്കുള്ളത് ലുലു ഗ്രൂപ്പിനാണ്. എം.എ യുസഫലി ചാനലിന്റെ ഡയറക്ടർ ബോർഡിൽ അംഗവുമാണ്.

മൂന്ന് മാസമായി ചാനലിൽ ശമ്പളം നൽകിയിട്ടില്ല. തുടക്കം മുതലേ തന്നെ മാനേജ്‌മെന്റിൽ തർക്കങ്ങൾ ഉടലെടുത്തത് ടി.വി.ന്യൂവിൽ പ്രതിസന്ധിക്ക് കാരണമായിരുന്നു. ഇതേത്തുടർന്ന കഴിഞ്ഞ മാസം മുതൽ സി.ഇ.ഒ ആയിരുന്ന ഭഗത് ചന്ദ്രശേഖരൻ ചാനലിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ്.

ശമ്പളം ലഭിക്കാത്തതിനെതിരെയുള്ള പ്രതിഷേധം കഴിഞ്ഞമാസം തന്നെ ആരംഭിച്ചിരുന്നു. ഈ മാസം ഒന്നാം തിയതി ടി.വി ന്യൂ ചെയർമാനും ചേംബർ ഓഫ് കൊമേഴ്‌സ് ഭാരവാഹിയുമായ കെ.എൻ മർസൂകിനെ ജീവനക്കാർ ഓഫീസിൽ തടഞ്ഞ് വയ്ക്കുകയും ചെയ്തു. ഇതേത്തുടർന്ന് മൂന്നാം തിയതിക്കകം ശമ്പളം നൽകാം എന്ന ഒത്തു തീർപ്പിൽ പ്രതിഷേധങ്ങൾ അവസാനിപ്പിച്ചു. ഇന്നലെ വരെ ശമ്പളം നൽകാൻ മാനേജ്‌മെന്റ് തയ്യാറാകാതിരുന്നതിനേത്തുടർന്നാണ് ജീവനക്കാർ വാർത്താ ബുള്ളറ്റിൻ നിർത്തി വയ്ക്കുന്നതായി അറിയിച്ച് നോട്ടീസ് നൽകിയത്. വൈകിട്ട് ആറ് മണിയോടെ ബുള്ളറ്റിനുകൾ നിർത്തുകയായിരുന്നു.

വാർത്താ സംപ്രേക്ഷണം നിലച്ചെങ്കിലും രാത്രി വൈകും വരെ സ്‌ക്രോളിംഗ് വാർത്തകൾ പോകുന്നുണ്ടായിരുന്നു. എന്നാൽ ഇന്ന് മുതൽ അതും നിലച്ചു. സിനിമാ ഗാനങ്ങളാണ് ഇപ്പോൾ ചാനലിൽ സംപ്രേക്ഷണം ചെയ്യുന്നത്.

ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ഇന്ത്യാവിഷൻ ജീവനക്കാരും കഴിഞ്ഞ അഞ്ച് ദിവസമായി സമരത്തിലാണ്. ശമ്പളം നൽകാമെന്ന് മാനേജ്‌മെന്റ് പറഞ്ഞ അവസാന തീയതിയും കഴിഞ്ഞ ശേഷമാണ് ജീവനക്കാർ പണിമുടക്കിലേക്ക് കടന്നത്. നാല് മാസമായി ഇന്ത്യാവിഷനിലും ശമ്പളം നൽകിയിട്ടില്ല.