ശമ്പളമില്ല: ചാനൽ ഓഫീസിൽ കഞ്ഞിവച്ച് ജേണലിസ്റ്റുകളുടെ പ്രതിഷേധം

കൊച്ചി: നാലു മാസമായി ശമ്പളം ലഭിക്കാത്തതിനേത്തുടർന്ന് ടി.വി.ന്യൂ ചാനലിലെ ജീവനക്കാർ പ്രത്യക്ഷ സമരത്തിലേക്ക്. ചാനലിന്റെ എറണാകുളം പാടിവട്ടത്തുള്ള ഓഫീസിന്റെ റിസപ്ഷൻ അടുക്കളയാക്കി താമസം തുടങ്ങിയാണ് പുതിയ പ്രതിഷേധം. ശമ്പളം ലഭിക്കാത്തതിനേത്തുടർന്ന് ബൂദ്ധിമുട്ടിലായ തങ്ങളെ വാടകയ്ക്ക് താമസിക്കുന്ന വീടുകളിൽ നിന്നും ഇറക്കിവിട്ടെന്നും അതിനാലാണ് ഇത്തരമൊരു സമരം നടത്തുന്നതെന്നും സമരക്കാരുടെ ഫേസ്ബുക്ക് പേജിൽ പറയുന്നു. 20 ഓളം ജീവനക്കാക്കാരാണ് റിസപ്ഷനിൽ കഞ്ഞിവച്ചുള്ള സമരത്തിൽ പങ്കെടുക്കുന്നത്.
കഞ്ഞിവച്ച് താമസിക്കുന്ന സമരത്തിന്റെ ദൃശ്യങ്ങൾ ഫെയ്‌സ്ബുക്ക് പേജിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. അടുത്ത ദിവസങ്ങളിൽ സമരം കൂടതുൽ ശക്തമാക്കാനാണ് ജീവനക്കാരുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഡയറക്ടർ ബോർഡ് അംഗങ്ങളായ കെഎം മർസൂക്ക്, മാത്യു കുരുവിത്തടം, ഇപി ജോർജ്ജ്, ഫിനാൻസ് ഡയറക്ടർ ബിജു ചെറിയാൻ തുടങ്ങിയവരുടെ വീടുകളിലേക്ക് മാർച്ച് നടത്തുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്ന് സമര സമിതി പ്രവർത്തകർ അറിയിച്ചു. ഫിനാൻസ് ഡയറക്ടറായ ബിജു ചെറിയാന്റെ വീട്ടിലേക്കാണ് ആദ്യം മാർച്ച് നടത്തുക.
ചാനൽ പ്രമോട്ടർമാരായ കേരള ചേംബർ ഓഫ് കൊമേഴ്‌സിന്റെ ഓഫീസിലേക്ക് ഫെബ്രുവരി ആറിന് മാർച്ച് നടത്താൻ സമര സമിതി തീരുമാനിച്ചിട്ടുണ്ട്. കേരള പത്രപ്രവർത്തക യൂണിയന്റെ സഹകരണത്തോടെ ഇതിനായി വിവിധ ട്രേഡ് യൂണിയനുകളെ ഉൾപ്പെടുത്തി സമരസഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. ആറിന് നടക്കുന്ന മാർച്ചിൽ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ പങ്കെടുക്കുമെന്നാണ് സൂചന.



