വീണ ജോർജ്ജ് ടിവി ന്യൂ എക്സിക്യൂട്ടീവ് എഡിറ്ററാകുന്നു

കൊച്ചി: ഇന്ത്യാവിഷനിലെ പ്രമുഖ വാർത്താ അവതാരകയായ വീണ ജോർജ്ജ് ഇനി ടിവി ന്യൂവിനൊപ്പം. ടിവി ന്യൂ ചാനലിൽ എക്സിക്യൂട്ടീവ് എഡിറ്ററായാണ് വീണ എത്തുന്നത്. പ്രതിസന്ധിയിലായതിനെ തുടർന്ന് അടച്ച് പൂട്ടൽ ഭീഷണിയിലായ ടിവി ന്യൂ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണ് വീണയുടെ രംഗപ്രവേശനം.
ഇന്ത്യാവിഷന്റെ തന്നെ അവതാരകനായിരുന്ന ഭഗത് ചന്ദ്രശേഖറായിരുന്നു ടിവി ന്യൂവിന്റെ എക്സിക്യൂട്ടീവ് എഡിറ്ററും സി.ഇ.ഒയും. തൊഴിലാളികളും മാനേജ്മെന്റുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് നേരത്തേ തന്നെ ഭഗത് സ്ഥാപനം വിട്ടിരുന്നു. ഒരു മാസത്തോളമായി വാർത്താ ബുള്ളറ്റിനുകൾ മുടങ്ങിയ ചാനൽ മൂന്ന് മാസത്തിനുള്ളിൽ പുനരാരംഭിക്കാനാണ് പദ്ധതി.
നേരത്തേ അധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ച വീണ കൈരളി ചാനലിലായിരുന്നു മാധ്യമപ്രവർത്തകയായി തുടക്കം കുറിച്ചത്. പിന്നീട് മനോരമ ന്യൂസിൽ വാർത്താ അവതാരികയായി. ഇന്ത്യാവിഷനും തൊഴിൽ പ്രതിസന്ധികളിൽപെട്ടതോടെ കുറച്ച് കാലമായി വാർത്താ അവതരണത്തിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു. ഇതിനിടെ ഇന്ത്യാവിഷനിലെ വാർത്താപ്രക്ഷേപണം നിന്ന് പോയതോടുകൂടി വീണ പുതിയ താവളം തേടുകയായിരുന്നു.
മുൻപ് ഇന്ത്യാവിഷനിലെ ജേർണലിസ്റ്റായിരുന്ന സെബിൻ പൗലോസാണ് ടിവി ന്യൂവിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ. ഇവരുൾപ്പെടുന്ന യുവതലമുറയെ രംഗത്തിറക്കി ചാനലിന് പുതിയ മുഖം നൽകാനാണ് മാനേജ്മെന്റിന്റെ തീരുമാനം. ഇതിനായി പുതിയ നിക്ഷേപകരെ കണ്ടെത്തിയതായും അറിയുന്നു. വ്യാപാരി സംഘടനയായ കേരള ചേമ്പർ ഓഫ് കൊമേഴ്സാണ് ടിവി ന്യൂവിന്റെ പ്രധാന നിക്ഷേപകർ.