ചോദ്യം ചെയ്യലിനു ശേഷം സുരേഷ് ഗോപിയെ വിട്ടയച്ചു; വീണ്ടും ഹാജരാകണമെന്ന് നോട്ടീസ്

 | 
SG

മാധ്യമപ്രവർത്തകയെ ലൈംഗികോദ്ദേശ്യത്തോടെ സ്പർശിച്ചെന്ന കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് വിട്ടയച്ചു. കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിൽ രണ്ടു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് സുരേഷ് ഗോപിയെ വിട്ടയച്ചത്. രാവിലെ 10.30ന് ഹാജരാകണമെന്നായിരുന്നു പോലീസ് നോട്ടീസ് നൽകിയിരുന്നതെങ്കിലും 12 മണിയോടെയാണ് സുരേഷ് ഗോപി ഹാജരായത്. വീണ്ടും ഹാജരാകണമെന്ന് നോട്ടീസ് നൽകിയാണ് പോലീസ് ബിജെപി നേതാവിനെ വിട്ടയച്ചത്. 

സുരേഷ് ഗോപിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെത്തുടർന്ന് ബിജെപി സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ പോലീസ് സ്റ്റേഷനു മുന്നിൽ തടിച്ചു കൂടിയിരുന്നു. ചോദ്യം ചെയ്യലിനെത്തുന്ന സുരേഷ് ഗോപിയുമായി പദയാത്ര നടത്തി പോലീസ് സ്റ്റേഷനിൽ എത്താനായിരുന്നു പദ്ധതിയെങ്കിലും അത് നടപ്പായില്ല. കണ്ണൂർ റോഡിൽ ഗതാഗത തടസം സൃഷ്ടിച്ചതിനെത്തുടർന്ന് പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് മാറ്റിയിരുന്നു. 

ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങിയ സുരേഷ് ഗോപി കാറിന്റെ സൺറൂഫ് തുറന്ന് പ്രവർത്തകരെ അഭിസംബോധന ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ, എം ടി രമേശ് തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.