ചോദ്യം ചെയ്യലിന് എത്തുന്ന സുരേഷ് ഗോപിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തടിച്ചുകൂടിയ ബിജെപി പ്രവർത്തകരെ പോലീസ് തടഞ്ഞു

 | 
SG

കോഴിക്കോട് പോലീസിനു മുന്നിൽ ഹാജരാകാൻ എത്തുന്ന സുരേഷ് ഗോപിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തടിച്ചുകൂടിയ ബിജെപി പ്രവർത്തകരെ പോലീസ് തടഞ്ഞു. ഇംഗ്ലീഷ് പള്ളി പരിസരത്തു നിന്ന് നടക്കാവ് പോലീസ് സ്റ്റേഷനിലേക്ക് ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ നടത്തിയ റാലിയാണ് പോലീസ് തടഞ്ഞത്. കണ്ണൂർ റോഡിലാണ് സംഭവം. റാലിയെത്തുടർന്ന് കണ്ണൂർ റോഡിൽ ഗതാഗത തടസമുണ്ടായി. 

ബിജെപി നടക്കാവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ത്രീകൾ ഉൾപ്പെടെ 500ലേറെപ്പേർ റാലിയിൽ പങ്കെടുക്കുന്നുണ്ട്. ചോദ്യം ചെയ്യലിനെത്തുന്ന സുരേഷ് ഗോപി  ബിജെപി സംസ്ഥാന നേതാക്കൾക്കൊപ്പം പദയാത്രയായി പോലീസ് സ്റ്റേഷനിൽ എത്തുന്ന വിധത്തിലാണ് റാലി. പോലീസ് തടഞ്ഞതോടെ പ്രവർത്തകർ പോലീസിന് എതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണ്. 

രാവിലെ 10.30ന് പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് പോലീസ് സുരേഷ് ഗോപിക്ക് നിർദേശം നൽകിയിരുന്നത്. ബിജെപി പ്രവർത്തകർ തടിച്ചു കൂടിയ സാഹചര്യത്തിൽ പോലീസ് സ്റ്റേഷനിൽ കനത്ത സുരക്ഷയേർപ്പെടുത്തിയിരിക്കുകയാണ്. മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിലാണ് സുരേഷ് ഗോപിയെ പോലീസ് ചോദ്യം ചെയ്യുന്നത്.