സ്ത്രീത്വത്തെ അപമാനിച്ചു; കളക്ടര്‍ ബ്രോ എന്‍.പ്രശാന്തിനെതിരെ കേസെടുത്ത് പോലീസ്

 | 
Collector Bro
കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ എംഡി എന്‍. പ്രശാന്ത് ഐഎഎസിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസ്

കൊച്ചി: കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ എംഡി എന്‍. പ്രശാന്ത് ഐഎഎസിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസ്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മാധ്യമപ്രവര്‍ത്തകയോട് വാട്‌സാപ്പില്‍ മോശം പരാമര്‍ശം നടത്തിയ സംഭവത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 

മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തകയോട് വാട്‌സാപ്പില്‍ മോശമായി പെരുമാറിയെന്നാണ് പരാതി. ആഴക്കടല്‍ മത്സ്യബന്ധന വിവാദവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ തേടിയ തനിക്ക് അശ്ലീലച്ചുവയുള്ള സ്റ്റിക്കറുകള്‍ പ്രശാന്ത് മറുപടിയായി അയച്ചുവെന്ന് മാധ്യമപ്രവര്‍ത്തക പരാതി നല്‍കിയിരുന്നു. പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തിയ പോലീസ് കേസെടുക്കുന്നത് സംബന്ധിച്ച് ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷനില്‍നിന്ന് നിയമോപദേശവും തേടിയിരുന്നു. 

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താമെന്ന് നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് കേസെടുത്തിരിക്കുന്നത്. ഉദ്യോഗസ്ഥനോട് മാധ്യമപ്രവര്‍ത്തകര്‍ വിവരങ്ങള്‍ തേടുന്നത് തൊഴിലിന്റെ ഭാഗമാണ്. വിവരങ്ങള്‍ നല്‍കാനും നല്‍കാതിരിക്കാനും ഉദ്യോഗസ്ഥന് അവകാശമുണ്ട്. എന്നാല്‍ മോശമായി പ്രതികരിക്കാന്‍ പാടില്ലെന്നാണ് നിയമോപദേശത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.