സ്വകാര്യ ബസുകളിൽ സുരക്ഷാ ക്യാമറ നിർബന്ധമാക്കിയ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി
സ്വകാര്യ ബസുകളിൽ സുരക്ഷാ ക്യാമറ സ്ഥാപിക്കണമെന്ന സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ഈ മാസം ഒന്നാം തിയതി മുതലാണ് ക്യാമറകൾ നിർബന്ധമാക്കിക്കൊണ്ട് ട്രാൻസ്പോർട്ട് കമ്മീഷണർ സർക്കുലർ ഇറക്കിയത്. ഇതിനെതിരെ സ്വകാര്യ ബസ് ഉടമകൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സർക്കുലർ കേന്ദ്ര നിയമത്തിന് വിരുദ്ധമാണെന്നായിരുന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടിയത്.
ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് ഇങ്ങനെയൊരു നിർദേശം നൽകിയതെന്ന് സർക്കാർ വാദിച്ചെങ്കിലും സംസ്ഥാനത്തിന് ഇങ്ങനെയൊരു തീരുമാനം എടുക്കാൻ അധികാരമില്ലെന്ന് കോടതി പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 28ന് മുൻപ് കെഎസ്ആർടിസി ബസുകളിൽ ഉൾപ്പെടെ ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചെങ്കിലും പല തവണ ഇത് മാറ്റിയിരുന്നു.
പിന്നീട് ഈ മാസം ഒന്നാം തിയതി മുതൽ തീരുമാനം നടപ്പാക്കുകയായിരുന്നു. ബസിന്റെ ഉൾവശവും മുന്നിൽ നിന്ന് റോഡും കാണുന്ന വിധത്തിൽ രണ്ടു ക്യാമറകൾ സ്ഥാപിക്കണമെന്നായിരുന്നു സർക്കുലറിൽ പറഞ്ഞിരുന്നത്.