100 ബോൾ ക്രിക്കറ്റ്: ഓവലും സതേൺ ബ്രേവും ജേതാക്കൾ

 | 
100 ball

പ്രഥമ 100 ബോൾ ക്രിക്കറ്റിൽ വനിത വിഭാ​ഗത്തിൽ ഓവർ ഓവൽ ഇൻവിൻസിബിൾസും പുരുഷ വിഭാ​ഗത്തിൽ സതേൺ ബ്രേവും വിജയിച്ചു. ഇന്നലെ നടന്ന ഫൈനൽ മത്സരങ്ങളിൽ ഓവൽ സതേൺ ബ്രേവ് വനിതകളെ പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്. എന്നാൽ സതേൺ ബ്രേവ് പുരുഷൻമാർ ഫൈനലിൽ ബെർമിം​ഗ്ഹാം ഫോണിക്സിനെ തോൽപ്പിച്ചു. 

ആദ്യം നടന്നത് വനിതകളുടെ ഫൈനലായിരുന്നു. ആദ്യം ബാറ്റുചെയ്ത ഓവൽ നിശ്ചിത നൂറു പന്തിൽ 121 റൺസ് നേടി. എന്നാൽ മറുപടി ബാറ്റിം​ഗിനിറങ്ങിയ സതേൺ ബ്രേവ് 98 പന്തിൽ 72 റൺസിന് ഓൾ ഔട്ടായി. നാല് വിക്കറ്റ് വീഴ്ത്തിയ ദക്ഷിണാഫ്രിക്കൻ ഓൾ റൗണ്ടർ മാരിസാനെ കാപ്പ് ആണ് സതേൺ ബ്രേവിനെ തകർത്തത്. കാപ്പ് ആണ് കളിയിലെ താരം, ദക്ഷിണാഫ്രിക്കൻ താരമായ ഓവൽ ക്യാപ്റ്റൻ ഡാൻ വാൻ നിയക്കെർക്കാണ് പ്ലയർ ഓഫ് ദ സീരിസ്. 

100 ball

പുരുഷ വിഭാ​ഗത്തിൽ ടോസ് നേടിയ ബെർമിം​ഗ്ഹാം ഫീൽഡു ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഓപ്പണറായി ഇറങ്ങിയ ഐറിഷ് താരം പോൾ സ്റ്റിർലിം​ഗിന്റെ മികച്ച ബാറ്റിം​ഗ് സതേൺ ബ്രേവിന് മികച്ച തുടക്കം നൽകി. സ്റ്റി‍ർലിം​ഗ് 36 പന്തിൽ 61 റൺസ് നേടി. ആറ് സിക്സറുകളാണ് താരം പറത്തിയത്. ഇം​ഗ്ലണ്ട് താരം റോസ് വൈറ്റ്ലിയുടെ അവസാന നിമിഷത്തെ കൂറ്റനടികളാണ് നൂറു പന്തിൽ 168 റൺസ് എന്ന സ്കോറിൽ ടീമിനെ എത്തിച്ചത്. 19 പന്തിൽ 44 റൺസാണ് താരം നേടിയത്. നാലു ഫോറും നാലു സിക്സും  വൈറ്റ്ലി കണ്ടെത്തി.

മറുപടി ബാറ്റിം​ഗിനിറങ്ങിയ ബെർമിം​ഗ്ഹാമിന് ഓപ്പണർമാരെ തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ പിന്നീട് മോയിൻ അലിയും പരമ്പരയിൽ മികച്ച പ്രകടനം നടത്തുന്ന ലിയാം ലിവിങ്സ്റ്റൺ ചേർന്ന് കളിയിലേക്ക് തിരികെ എത്തിച്ചു. ലിവിങ്ങ്സ്റ്റൺ 19 പന്തിൽ 46 റൺസും മോയിൻ അലി 30 പന്തിൽ 36 റൺസും നേടി. ലിവിങ്സ്റ്റൺ നാല് സിക്സും നാല് ഫോറും അടിച്ചു. പക്ഷെ ബെർമിം​ഗാമിന് നിശ്ചിത 100 ബോളിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 136 റൺസ് നേടാനെ കഴിഞ്ഞുള്ളൂ.  സതേൺ ബ്രേവിന് 32 റൺസ് വിജയം. സ്റ്റിർലിം​​ഗാണ് കളിയിലെ താരം, ലിവിങ്സ്റ്റൺ പരമ്പരയിലേയും.