11 ഏക്കര്‍ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കി; പി വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം
ആലുവയില്‍ 11 ഏക്കര്‍ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്നതില്‍ പി വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം. വിഷയത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് വിശദമായ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തു. അന്‍വറിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
വിശദഅന്വേഷണത്തിന് സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ തിരുവനന്തപുരം യൂണിറ്റ് രണ്ടിന് ചുമതല നല്‍കിയാണ് ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. പാട്ട അവകാശം മാത്രമുള്ള ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയെന്നാണ് പി വി അന്‍വറിനെതിരായ ആരോപണം. കൊല്ലം സ്വദേശിയായ മുരുകേഷ് നരേന്ദ്രനാണ് പി വി അന്‍വറിനെതിരെ പരാതി സമര്‍പ്പിച്ചത്. തടയിണ വിവാദത്തിലും ഇദ്ദേഹം തന്നെയായിരുന്നു പരാതി സമര്‍പ്പിച്ചിരുന്നത്.
അടുത്ത ദിവസങ്ങളില്‍ തന്നെ ഈ സ്ഥലത്തെത്തി വിജിലന്‍സ് സംഘം ഭൂമി പരിശോധിക്കുമെന്നാണ് വിവരം. മുന്‍പ് ഉയര്‍ന്നുവന്ന വിവാദങ്ങളും അന്വേഷണങ്ങളും രാഷ്ട്രീയ പ്രേരിതമാണെന്നും പകപോക്കലാണെന്നുമായിരുന്നു അന്‍വറിന്റെ വാദം. പുതിയ വിവാദത്തില്‍ അന്‍വര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.