പനി ബാധിച്ച 11 വയസുകാരി മരിച്ച സംഭവം; ജപിച്ച് ഊതിയ വെള്ളം നല്‍കിയ ഉസ്താദ് കസ്റ്റഡിയില്‍

 | 
Fathima

കണ്ണൂരില്‍ പനി ബാധിച്ച 11 കാരി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ജപിച്ച് ഊതിയ വെള്ളം നല്‍കിയ ഉസ്താദ് കസ്റ്റഡിയില്‍. നാലുവയല്‍ കുഞ്ഞിപ്പള്ളി ഇമാം ആയ ഉവൈസ് ആണ് പോലീസ് കസ്റ്റഡിയിലായത്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. മനഃപൂര്‍വ്വമല്ലാത്ത നരഹത്യാക്കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കുട്ടിയുടെ പിതാവ് അബ്ദുള്‍ സത്താറും കേസില്‍ പ്രതിയാകും.

പനി ബാധിച്ച കുട്ടിക്ക് വൈദ്യസഹായം നിഷേധിച്ചുവെന്നും വ്യാജ ചികിത്സ നടത്തിയെന്നുമാണ് ഉസ്താദിനെതിരായ ആരോപണങ്ങള്‍. കേസില്‍ കഴിഞ്ഞ ദിവസം ഉവൈസിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. കുട്ടിക്ക് ജപിച്ച് ഊതിയ വെള്ളം നല്‍കിയെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. ഇന്ന് വീണ്ടും വിളിച്ചു വരുത്തിയ ശേഷം ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ച് പിതാവിനെയും പ്രതിചേര്‍ക്കുമെന്ന് പോലീസ് വ്യക്തമാക്കി. കണ്ണൂര്‍ സിറ്റി നാലുവയല്‍ ദാറുല്‍ ഹിദായത്ത് വീട്ടില്‍ അബ്ദുള്‍ സത്താറിന്റെ മകള്‍ ഫാത്തിമയാണ് പനി ബാധിച്ച് ചികിത്സ കിട്ടാതെ മരിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. കൃത്യസമയത്ത് ചികിത്സ കിട്ടാതിരുന്നതും വ്യാജ ചികിത്സയുമാണ് മരണത്തിന് കാരണമായതെന്ന് ആരോപണമുയര്‍ന്നിരുന്നു. സംഭവത്തില്‍ പോലീസും ബാലാവകാശ കമ്മീഷനും കേസെടുത്തിരുന്നു.