അസമില്‍ പോലീസ് വെടിവെച്ചു കൊന്നവരില്‍ 12 കാരനും; വെടിയേറ്റത് ആധാര്‍ വാങ്ങാന്‍ പോകുമ്പോള്‍
ഗുവാഹത്തി: അസമില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരില്‍ 12 വയസുള്ള ആണ്‍കുട്ടിയും. ഷഖ് ഫരീദ് എന്ന കുട്ടിയാണ് വെടിയേറ്റ് മരിച്ചത്. പോസ്റ്റ് ഓഫീസില്‍ നിന്ന് ആധാര്‍ കാര്‍ഡ് വാങ്ങി മടങ്ങുമ്പോളാണ് കുട്ടിക്ക് വെടിയേറ്റത്. ധരാംഗ് ജില്ലയില്‍ വെടിവെപ്പ് നടന്നതിന് രണ്ട് കിലോമീറ്റര്‍ അകലെയാണ് ഫരീദിന്റെ വീട്. നാലു കുട്ടികളില്‍ ഇളയവനാണ്.
ആധാര്‍ കാര്‍ഡ് വാങ്ങി തിരിച്ചു വരുമ്പോള്‍ ജനങ്ങള്‍ പോലീസിന് എതിരെ പ്രതിഷേധിക്കുന്നത് കണ്ട് ഫരീദ് നിന്നുവെന്നും അപ്രതീക്ഷിതമായി പോലീസ് വെടിവെച്ചപ്പോള്‍ കുട്ടിക്ക് വെടിയേല്‍ക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. നെഞ്ചില്‍ വെടിയേറ്റ ഫരീദ് സംഭവസ്ഥലത്തു തന്നെ മരിച്ചു. അനധികൃതമായി കയ്യേറിയ സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ജനങ്ങള്‍ക്ക് ജൂണില്‍ തന്നെ നോട്ടീസ് നല്‍കിയിട്ടുണ്ടായിരുന്നുവെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
എന്നാല്‍ നോട്ടീസൊന്നും ലഭിച്ചിട്ടില്ലെന്ന് ഫരീദിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. 602 ഹെക്ടര്‍ ഭൂമിയില്‍ താമസിച്ചിരുന്ന 800 കുടുംബങ്ങളെയാണ് പോലീസ് നടപടിയിലൂടെ ഒഴിപ്പിച്ചത്. മുസ്ലീം വിഭാഗത്തിലുള്ളവരായിരുന്നു ഇവിടെ താമസിച്ചിരുന്നവരില്‍ ഭൂരിപക്ഷവും. കഴിഞ്ഞ ദിവസമുണ്ടായ വെടിവെപ്പില്‍ രണ്ടു പേരാണ് കൊല്ലപ്പെട്ടത്. കയ്യേറ്റഭൂമി ഒഴിപ്പിക്കാനെന്ന പേരില്‍ എത്തിയ പോലീസ് പ്രതിഷേധിച്ച ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തു. പോലീസിന് നേരെ വടിയുമായി പാഞ്ഞടുത്ത മൊയിനുള്‍ ഹഖ് എന്നയാളെ വെടിവെച്ച് കൊലപ്പെടുത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
വെടിയേറ്റ് വീണ ഹഖിന്റെ നെഞ്ചില്‍ സര്‍ക്കാര്‍ ഫോട്ടോഗ്രാഫര്‍ ചാടി തൊഴിക്കുന്നതിന്റെയും ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെയും വീഡിയോയും പുറത്തു വന്നിരുന്നു. പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു ഫോട്ടോഗ്രാഫറുടെ ക്രൂരത. പിന്നീട് പ്രതിഷേധം ശക്തമായതോടെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.