ഹെലികോപ്ടര്‍ അപകടത്തില്‍ 13 മരണം; റാവത്തിനെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ലെന്ന് റിപ്പോര്‍ട്ട്

 | 
Bipin Rawat

ചീഫ് ഓഫ് ഡിഫന്‍സ് ബിപിന്‍ റാവത്തും കുടുംബവും സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്നൂവീണ അപകടത്തില്‍ 13 പേര്‍ മരിച്ചു. ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത് ഉള്‍പ്പെടെ 13 പേര്‍ മരിച്ചതായാണ് വിവരം. ഗുരുതരമായ പരിക്കുകളോടെ ഒരു പുരുഷന്‍ ചികിത്സയിലാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റാവത്തിന്റെ നിലയെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ലെന്നാണ് റിപ്പോര്‍ട്ട്.

റാവത്തിന്റെ ഭാര്യ, അദ്ദേഹത്തിന്റെ സ്റ്റാഫ്, സെക്യൂരിറ്റി കമാന്‍ഡോകള്‍, വ്യോമസേനാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരായിരുന്നു ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കരസേനാ മേധാവി എം.എം.നരവണെ തുടങ്ങിയവര്‍ ഡല്‍ഹിയില്‍ റാവത്തിന്റെ വീട്ടില്‍ എത്തി.

കോയമ്പത്തൂരിലെ സൂലൂരില്‍ നിന്നാണ് റാവത്തും സംഘവും ഹെലികോപ്ടര്‍ യാത്ര ആരംഭിച്ചത്. വെല്ലിംഗ്ടണ്‍ കന്റോണ്‍മെന്റില്‍ ഒരു സെമിനാറില്‍ പങ്കെടുക്കുന്നതിനായിരുന്നു യാത്ര. ലാന്‍ഡ് ചെയ്യുന്നതിന് 10 മിനിറ്റ് മുന്‍പാണ് അപകടമുണ്ടായത്. 12.20ഓടെയായിരുന്നു ഇത്. സംഭവത്തെക്കുറിച്ച് പ്രതിരോധമന്ത്രി പ്രധാനമന്ത്രിയെ വിവരം ധരിപ്പിച്ചു. പ്രതിരോധമന്ത്രിയുടെ പ്രസ്താവന നാളത്തേക്ക് മാറ്റി.