13 കാരനെ പീഡിപ്പിച്ച കേസ്; ചാനല്‍ ചര്‍ച്ചാ പ്രമുഖനായിരുന്ന മനോരോഗ വിദഗ്ദ്ധന് 6 വര്‍ഷം തടവ്
13കാരനെ പീഡിപ്പിച്ച കേസില്‍ മനോരോഗ വിദഗ്ദ്ധനും ചാനല്‍ ചര്‍ച്ചകളില്‍ സ്ഥിരം സാന്നിധ്യവുമായിരുന്ന ഡോ.ഗിരീഷിന് 6 വര്‍ഷം തടവ് ശിക്ഷ. പ്രതി ഒരുലക്ഷം രൂപ പിഴയും ഒടുക്കണമെന്ന് തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി ആര്‍.ജയകൃഷ്ണന്‍ പുറപ്പെടുവിച്ച വിധിയില്‍ പറയുന്നു. പിഴയടച്ചില്ലെങ്കില്‍ ആറു മാസം കൂടി തടവ് അനുഭവിക്കണം. ഇതാദ്യമായാണ് പോക്‌സോ കേസില്‍ ഒരു ഡോക്ടര്‍ ശിക്ഷിക്കപ്പെടുന്നത്.
2017ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 2017 ഓഗസ്റ്റ് 14നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. പീഡനത്തിന് ഇരയായ കുട്ടിക്ക് പഠനത്തില്‍ ശ്രദ്ധക്കുറവുണ്ടെന്ന് അധ്യാപകര്‍ അറിയിച്ചതനുസരിച്ച് രക്ഷിതാക്കളാണ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ ഗിരീഷിനെ സമീപിച്ചത്. തിരുവനന്തപുരം മണക്കാടുള്ള വീട്ടിലെ തണല്‍ എന്ന സ്വകാര്യ ക്ലിനിക്കില്‍ കുട്ടിയെ എത്തിച്ചു. സ്‌കൂളില്‍ സ്ഥിരമായി മനഃശാസ്ത്ര ക്ലാസുകള്‍ എടുക്കുന്ന ഗിരീഷിനെ സമീപിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തന്നെയാണ് നിര്‍ദേശിച്ചത്.
കുട്ടിയെ മാത്രം മുറിക്കുള്ളിലേക്ക് വിളിപ്പിച്ച പ്രതി ഒരു പസില്‍ എടുത്ത് നല്‍കിയതിന് ശേഷം അത് അസംബിള്‍ ചെയ്യാന്‍ പറഞ്ഞു. അശ്ലീല വീഡിയോകള്‍ കാണാറുണ്ടോയെന്നും ചോദിക്കുകയും സെക്സിനെ കുറിച്ച് സംസാരിക്കുകയും സംസാരത്തിനിടയില്‍ പ്രതി പലതവണ കുട്ടിയുടെ കവിളില്‍ ചുംബിക്കുകയും സ്വകാര്യ ഭാഗത്ത് തടവുകയുമായിരുന്നു. ഭയന്ന കുട്ടിയെ ഇക്കാര്യം ആരോടും പറയരുതെന്ന് പറഞ്ഞ് ഡോ.ഗിരീഷ് ഭീഷണിപ്പെടുത്തി.
മടങ്ങുമ്പോള്‍ കുട്ടി ഭയന്നിരിക്കുന്നത് കണ്ട് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. വിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയും ചൈല്‍ഡ് ലൈന്‍ ഫോര്‍ട്ട് പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം കുട്ടിയുടെ മനോനില തകര്‍ന്നിരുന്നു. ഇതേ വിധത്തില്‍ മറ്റൊരു കുട്ടിയെ പീഡിപ്പിച്ചതിന് പ്രതിക്കെതിരെ കേസുണ്ട്. ഇതില്‍ അടുത്ത മാസം വിചാരണ തുടങ്ങും. വിവാഹിതയായ ഒരു സ്ത്രീയെ പീഡിപ്പിച്ച മറ്റൊരു കേസും ഇയാള്‍ക്കെതിരെ ഉണ്ടായിരുന്നു. ഇത് ഒത്തുതീര്‍പ്പാക്കിയെന്നാണ് വിവരം.