ഡിജിപിയുടെ പേരില്‍ അധ്യാപികയില്‍ നിന്ന് 14 ലക്ഷം തട്ടി; നൈജീരിയന്‍ പൗരന്‍ പിടിയില്‍
ഡിജിപിയുടെ പേരില്‍ കൊല്ലം സ്വദേശിനിയായ അധ്യാപികയില്‍ നിന്ന് 14 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ നൈജീരിയന്‍ പൗരന്‍ പിടിയില്‍. റോമാനസ് ക്ലീബൂസ് എന്ന നൈജീരിയക്കാരനെ ഡല്‍ഹിയിലെ ഉത്തംനഗറില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. ഓണ്‍ലൈന്‍ ലോട്ടറി അടിച്ചെന്നും നികുതിയായി 14 ലക്ഷം രൂപ അടയ്ക്കണമെന്നും ഡിജിപി അനില്‍ കാന്തിന്റെ പേരില്‍ കുണ്ടറ സ്വദേശിയായ അധ്യാപികയ്ക്ക് സന്ദേശമയച്ചായിരുന്നു തട്ടിപ്പ്.
താന്‍ ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തുന്നതിന് മുന്‍പ് പണം അടയ്ക്കണമെന്നായിരുന്നു സന്ദേശത്തില്‍ ഉണ്ടായിരുന്നത്. സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ആസ്ഥാനത്തേക്ക് അധ്യാപിക വിളിച്ചപ്പോള്‍ ഡിജിപി ഡല്‍ഹിയിലാണെന്ന് മറുപടി ലഭിച്ചു. ഇതോടെ മെസേജില്‍ നല്‍കിയിരുന്ന അക്കൗണ്ടിലേക്ക് അധ്യാപിക പണം നല്‍കി.
കബളിപ്പിക്കപ്പെട്ടുവെന്ന് സ്ഥിരീകരിച്ചതോടെ അധ്യാപിക പരാതി നല്‍കുകയായിരുന്നു. തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.