കിഴക്കമ്പലത്ത് 156 പേര്‍ അറസ്റ്റില്‍; ചുമത്തിയത് വധശ്രമവും പൊതുമുതല്‍ നശിപ്പിച്ചതും അടക്കമുള്ള കുറ്റങ്ങള്‍

 | 
Kizhakkambalam

കിഴക്കമ്പലത്തുണ്ടായ അക്രമസംഭവത്തില്‍ 156 പേര്‍ അറസ്റ്റില്‍. ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. അറസ്റ്റിലായവര്‍ പോലീസിനെതിരെയുണ്ടായ ആക്രമണത്തില്‍ നേരിട്ടു പങ്കെടുത്തവരാണ്. വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എല്ലാവരുടെയും കോവിഡ് ടെസ്റ്റ് ഉള്‍പ്പെടെ പൂര്‍ത്തിയായി.

156 പേരെയാണ് പോലീസ് ആകെ കസ്റ്റഡിയില്‍ എടുത്തത്. എല്ലാവരുടെയും അറസ്റ്റ് രേഖപ്പെടുത്തിക്കഴിഞ്ഞു. ഞായറാഴ്ച 24 പേരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് രാത്രി മുതല്‍ നടത്തിയ തെരച്ചിലിലാണ് ബാക്കിയുള്ളവരെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. ഇന്നു തന്നെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി പ്രതികളെ കോടതിയില്‍ ഹാജരാക്കാനാണ് നീക്കം.

സംഭവത്തിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ ആളുകളെ അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം. നാട്ടുകാരുടെ മൊഴിയെടുക്കുകയും ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്ത് സംഭവത്തില്‍ വ്യക്തത വരുത്തിയ ശേഷം കൂടുതല്‍ അറസ്റ്റിലേക്ക് നീങ്ങാനാണ് പോലീസിന്റെ പദ്ധതി. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ നിന്ന് മൊഴിയെടുത്ത് കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. പോലീസ് വാഹനത്തിന്റെ ഡോര്‍ തുറക്കാന്‍ അനുവദിക്കാതെ തീയിടാനായിരുന്നു അക്രമികളുടെ നീക്കം. പോലീസുകാരെ ചുട്ടുകൊല്ലാനായിരുന്നു ഇതിലൂടെ തൊഴിലാളികള്‍ ശ്രമിച്ചതെന്നാണ് പോലീസ് നിഗമനം.

ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് പോലീസുകാര്‍ക്ക് ശസ്ത്രക്രിയ ഉള്‍പ്പെടെ നടത്തേണ്ടി വന്നു. ഇതേത്തുടര്‍ന്നാണ് വധശ്രമം ചുമത്തി കേസെടുത്തിരിക്കുന്നത്. പ്രതികള്‍ക്കായി പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടന്നു വരികയാണ്. അക്രമത്തില്‍ പങ്കെടുത്ത ആരെങ്കിലു ഒളിവില്‍ പോയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.