പീഡനത്തിന് ഇരയായ 17കാരി വീട്ടില്‍ പരസഹായമില്ലാതെ പ്രസവിച്ചു; യൂട്യൂബ് കണ്ട് ചെയ്തുവെന്ന് മൊഴി

 | 
Youtube

മലപ്പുറത്ത് പീഡനത്തിന് ഇരയായി ഗര്‍ഭിണിയായ പതിനേഴുകാരി വീട്ടില്‍ പരസഹായമില്ലാതെ പ്രസവിച്ചു. കോട്ടയ്ക്കലാണ് സംഭവം. പ്രസവ രീതികള്‍ യൂട്യൂബ് നോക്കിയാണ് മനസിലാക്കിയതെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. ഒക്ടോബര്‍ 20നായിരുന്നു സംഭവം. ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാരില്‍ നിന്ന് മറച്ചുവെക്കുകയായിരുന്നു. സംഭവത്തില്‍ അയല്‍ക്കാരനായ 21 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ വകുപ്പ് അനുസരിച്ചാണ് അറസ്റ്റ്.

പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 23-ാം തീയതിയാണ് സംഭവം പുറത്തറിയുന്നത്. പെണ്‍കുട്ടിയും കുഞ്ഞും നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ പറഞ്ഞു.

പെണ്‍കുട്ടിയുടെ മാതാവിന് കാഴ്ചാ വൈകല്യമുണ്ട്. പിതാവ് സെക്യൂരിറ്റി ജീവനക്കാരനാണ്. പണ്‍കുട്ടിയുടെ വീട്ടിലെ സാഹചര്യം ചൂഷണം ചെയ്താണ് പ്രതി പീഡനത്തിനിരയാക്കിയതെന്ന് ചൈല്‍ഡ് ലൈന്‍ പറഞ്ഞു. ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്കാണ് പ്രസവിച്ചതെന്ന പെണ്‍കുട്ടിയുടെ മൊഴി പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.

ഗര്‍ഭകാലത്ത് രണ്ട് സ്വകാര്യ ആശുപത്രികളില്‍ പെണ്‍കുട്ടി ചികിത്സ തേടിയതായും വിവരമുണ്ട്. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇങ്ങനെയൊരു സംഭവം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നില്ല. ഒരുപക്ഷേ, യഥാര്‍ഥ പ്രായം മറച്ചുവെച്ചായിരിക്കാം ഇവിടങ്ങളില്‍ ചികിത്സ തേടിയത്. സംഭവത്തില്‍ ആശുപത്രികളില്‍നിന്ന് വിശദീകരണം ചോദിക്കുമെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അറിയിച്ചു.