ദുരാത്മാക്കളെ തുരത്താനെന്ന പേരിൽ 18 കാരിയെ പീഡിപ്പിച്ചു; മന്ത്രവാദി അറസ്റ്റിൽ

 | 
rape


ഉത്തർപ്രദേശിലെ ഭദോഹിയിൽ 18 കാരിയെ 52 കാരൻ ബലാത്സംഗം ചെയ്തതായി പൊലീസ്. പെൺകുട്ടിയുടെ ശരീരത്തിൽ നിന്ന് ദുരാത്മാക്കളെ തുരത്താനെന്ന പേരിലായിരുന്നു പീഡനം. മന്ത്രവാദിയെ പൊലീസ് അറസ്റ്റ് ചെയ്തു.


മിർസാപൂരിൽ നിന്നുള്ള കുടുംബം സീതാമർഹി സന്ദർശിക്കാൻ എത്തിയിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് മീനാക്ഷി കത്യായൻ പറഞ്ഞു. ഇതിനിടെയാണ് പ്രതി മോത്തിലാൽ കുടുംബത്തെ സമീപിച്ചത്. താൻ ഒരു മന്ത്രവാദിയാണെന്നും പെൺകുട്ടിയുടെ ദേഹത്ത് പ്രേതബാധയുണ്ടെന്നും ഇയാൾ മാതാപിതാക്കളെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നുവെന്ന് എസ്പി കൂട്ടിച്ചേർത്തു.

ബാധഒഴിപ്പിക്കാൻ തനിക്ക് കഴിയുമെന്നും ഇതിനായി 4,000 രൂപ വേണമെന്നും പ്രതി ആവശ്യപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം മോത്തിലാൽ പറഞ്ഞ സ്ഥലത്തേക്ക് പിതാവ് പെൺകുട്ടിയെ എത്തിച്ചു. തുടർന്ന് പ്രതി പെൺകുട്ടിയെ ബൈക്കിൽ കയറ്റി ദർവാസി ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിന് പിന്നിലുള്ള മുറിയിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ചാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്നും എസ്പി പറഞ്ഞു.

പിന്നീട് പീഡനത്തിനിരയായ പെൺകുട്ടി സംഭവം വീട്ടുകാരോട് പറയുകയും തുടർന്ന് പിതാവ് പരാതി നൽകുകയുമായിരുന്നുവെന്ന് കത്യായൻ കൂട്ടിച്ചേർത്തു.