19 കാരി ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; ദുരൂഹതയെന്ന് സഹോദരന്‍

 | 
Nafla

19 വയസുള്ള പെണ്‍കുട്ടിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മങ്കര, മാങ്കുറിശ്ശിയിലാണ് സംഭവം. ധോണി ഉമ്മിണി പുത്തന്‍വീട്ടില്‍ അബ്ദുള്‍റഹിമാന്റെ മകള്‍ നഫ്ലയെ (19) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി 8.30ഓടെയാണ് സംഭവമുണ്ടായത്. മാങ്കുറിശ്ശി കക്കോട് അത്താണിപ്പറമ്പ് മുജീബിന്റെ ഭാര്യയാണ് നഫ്ല.

ഭര്‍ത്താവ് മുജീബ് സ്ഥലത്തില്ലാതിരുന്ന സമയത്താണ് സംഭവമുണ്ടായത്. മുജീബ് എത്തിയതിന് ശേഷം നഫ്‌ലയെ വിളിച്ചപ്പോള്‍ വിളി കേള്‍ക്കാത്തതിനെ തുടര്‍ന്ന് ബെഡ്‌റൂമിന്റെ വാതില്‍ തുറന്ന് നോക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

പത്തു മാസം മുന്‍പായിരുന്നു മുജീബും നഫ്‌ലയും വിവാഹിതരായത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നഫ്‌ലയുടെ സഹോദരന്‍ നഫ്‌സല്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിവൈഎസ്പിക്ക് പരാതി നല്‍കുമെന്നും നഫ്‌സല്‍ പറഞ്ഞു.