1971ലെ സാഹചര്യമല്ല 2025; ശശി തരൂർ

ന്യൂഡൽഹി: കഴിഞ്ഞ ദിവസം പാകിസ്താനുമായുണ്ടാക്കിയ വെടിനിർത്തലിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയും തമ്മിൽ താരതമ്യം ചെയ്യുന്നു കോൺഗ്രസുകാരെ തിരുത്തി ശശി തരൂർ. ബംഗ്ലാദേശ് വിമോചനയുദ്ധകാലത്ത് പാകിസ്താന് മുന്നിൽ മുട്ടുമടക്കാത്ത ഇന്ദിരാഗാന്ധിയെ ഉദാഹരിച്ചാണ് കോൺഗ്രസ് നേതാക്കൾ മോദിസർക്കാറിനെതിരെ രംഗത്തുവന്നത്.
എന്നാൽ 1971ലെ സാഹചര്യമല്ല 2025ലേത് എന്നാണ് ശശി തരൂർ പ്രവർത്തകരെ ഓർമപ്പെടുത്തിയത്. കേന്ദ്രസർക്കാർ വെടിനിർത്തൽ കരാറിനെ കുറിച്ച് പ്രഖ്യാപനം നടത്തിയതിനു പിന്നാലെ ഇന്ദിരാഗാന്ധിയെ പ്രകീർത്തിച്ച് കോൺഗ്രസ് പ്രവർത്തകർ സമൂഹമാധ്യമങ്ങൾ വഴി നടത്തുന്ന പ്രചാരണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോടായിരുന്നു ശശി തരൂരിന്റെ പ്രതികരണം. ''സംഘർഷം നമ്മുടെ നിയന്ത്രണത്തിലല്ല എന്ന സ്ഥിതിയിലെത്തിയപ്പോഴാണ് വെടിനിർത്തൽ കരാറിലെത്തിയത്. സമാധാനം അനിവാര്യമാണ്. 1971ലെ സാഹചര്യമല്ല 2025ലേത് എന്നത് യാഥാർഥ്യമാണ്. ഒരുപാട് വ്യത്യാസങ്ങളുണ്ട്.''-തരൂർ പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങൾ സമാധാനം അർഹിക്കുന്നുണ്ട്. നമ്മൾ ഒരുപാട് സഹിച്ചു. എത്ര പേർ മരിച്ചുവെന്ന് പൂഞ്ചിലെ ജനങ്ങളോട് ചോദിച്ചു നോക്കൂ. യുദ്ധങ്ങൾ നമ്മൾ അവസാനിപ്പിക്കണമെന്ന് ഞാൻ പറയില്ല. അത് തുടരേണ്ട സാഹചര്യങ്ങളുണ്ടെങ്കിൽ തീർച്ചയായും മുന്നോട്ട്കൊണ്ടു പോകും. എന്നാൽ മുന്നോട്ടുകൊണ്ടുപോകേണ്ട രീതിയിലുള്ള ഒരു യുദ്ധമല്ല ഇത്. ഭീകരരെ പാഠം പഠിപ്പിക്കുകയായിരുന്നു നമ്മുടെ ആവശ്യം. അത് പഠിപ്പിച്ചുകഴിഞ്ഞുവെന്നും ശശി തരൂർ പറഞ്ഞു.