ഒരേ സമയം പ്രകാശിച്ചത് 22 ലക്ഷം ദീപങ്ങൾ; റെക്കോർഡ് സ്വന്തമാക്കി അയോധ്യ

 | 
ayodya

ദീപാവലി ആഘോഷങ്ങൾ ഗംഭീരമാക്കി അയോധ്യ. നഗരത്തിലെ 51 ഇടങ്ങളിലായി തെളിഞ്ഞത് 22 ലക്ഷത്തിലധികം ദീപങ്ങളാണ്. നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന രാമക്ഷേത്രവും ദീപങ്ങളാൽ അലങ്കരിച്ചു. 51 ഘട്ടങ്ങളിലായാണ് 22.23 ലക്ഷം ദീപങ്ങൾ ഒരേസമയം കത്തിച്ചത്. വൻ ദീപാവലി ആഘോഷങ്ങൾക്കാണ് ഇന്നലെ ഉത്തർപ്രദേശ് സാക്ഷ്യം വഹിച്ചത്. 18 നിശ്ചലദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന മഹത്തായ ഘോഷയാത്രയോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. അയോദ്ധ്യയിലെ ഉദയ സ്‌ക്വയറിൽ നിന്ന് ആരംഭിച്ച് രാംകഥ പാർക്കിലെത്തി. ശ്രീരാമന്റെ പട്ടാഭിഷേക ചടങ്ങ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തി. 50 രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. ദീപോത്സവത്തോട് അനുബന്ധിച്ച് സാംസ്‌കാരിക പരിപാടികളും സർക്കാർ സംഘടിപ്പിച്ചു.

അയോധ്യയിലെ ദീപോത്സവത്തിന്റെ ഏഴാം പതിപ്പാണിത്. 2017ൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ രൂപീകരിച്ചതോടെയാണ് അയോധ്യയിൽ ദീപോത്സവം ആഘോഷങ്ങൾ ആരംഭിച്ചത്. ആ വർഷം ഏകദേശം 51,000 ദീപങ്ങൾ കത്തിച്ചു. 2019ൽ ദീപങ്ങളുടെ എണ്ണം 4.10 ലക്ഷമായി ഉയർന്നു. 2020ൽ ഇത് ആറ് ലക്ഷത്തിലധികവും 2021ൽ ഒൻപത് ലക്ഷത്തിലേറെയും ദീപങ്ങൾ കത്തിച്ചു. 2023ൽ 22. 23 ലക്ഷം ദീപങ്ങൾ കത്തിച്ചാണ് റെക്കോർഡ് സ്വന്തമാക്കിയത്.