ബിഹാറിൽ വോട്ടർപട്ടിക പുതുക്കുന്നതിൽ ആധാർ ഉൾപ്പെടെ 3 തിരിച്ചറിയൽ രേഖകൾ പരിഗണിക്കാമെന്ന് സുപ്രീംകോടതി

തിരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ഉള്ളപ്പോൾ വോട്ടർപട്ടിക പുതുക്കുന്നതിനെതിരെ സമർപ്പിച്ച ഹർജികൾ പരിഗണിച്ചാണ് വിധി
 | 
Bihar Election

ന്യൂഡൽഹി∙ ബിഹാറിൽ വോട്ടർപട്ടിക പുതുക്കുന്നതിൽ ആധാർ കാർഡുൾപ്പെടെ മൂന്നു തിരിച്ചറിയൽ രേഖകൾ പരിഗണിക്കാമെന്ന് സുപ്രീംകോടതി. വോട്ടർ പട്ടിക പരിഷ്കരണം തിരഞ്ഞെടുപ്പ് കമ്മിഷന് തുടരാമെന്നും സുപ്രീംകോടതി വ്യാഴാഴ്ച പറഞ്ഞു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ബാക്കിനിൽക്കെ വോട്ടർപട്ടിക പുതുക്കുന്നതിനെതിരെ സമർപ്പിച്ച ഒരുകൂട്ടം ഹർജികൾ പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ വിധി.

ആധാർ കാർഡ്, റേഷൻ കാർഡ്, വോട്ടർ തിരിച്ചറിയൽ കാർഡ് എന്നീ രേഖകൾ വോട്ടർ പട്ടിക പുതുക്കുമ്പോൾ പരിഗണിക്കണമെന്ന് സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. അതേസമയം, കേസിൽ ഇടക്കാല വിധിയില്ല. കേസ് വീണ്ടും ജൂലൈ 28ന് പരിഗണിക്കുമെന്നും 21നകം തിരഞ്ഞെടുപ്പ് കമ്മിഷൻ മറുപടി നൽകണമെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ സുധാൻഷു ധുലിയ, ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബഞ്ചിന്റേതാണ് വിധി. തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര, അസോസിയഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് തുടങ്ങിയവരുൾപ്പെടെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കത്തിനെതിരെ കോടതിയെ സമീപിച്ചത്. ഹർജികൾ പരിഗണിക്കവെ വോട്ടർപട്ടിക പുതുക്കുന്ന സമയത്തെക്കുറിച്ച് സുപ്രീംകോടതി ചോദ്യങ്ങളുന്നയിക്കുകയും ചെയ്തു.

‘‘ബിഹാറിൽ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് എന്തിനാണ് വോട്ടർപട്ടികയിൽ പ്രത്യേക പരിഷ്കരണം?പൗരത്വവുമായി ബന്ധപ്പെട്ടാണ് ഇത് നടത്തുന്നതെങ്കിൽ ഇതു നേരത്തെ ആകാമല്ലോ? ഇതു കുറച്ചു വൈകിപ്പോയില്ലേ? പൗരന്മാർ അല്ലാത്തവർ വോട്ടർ പട്ടികയിൽ ഉണ്ടാകാൻ പാടില്ല. എന്നാൽ തിരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് നിങ്ങൾക്ക് തീയതി നിശ്ചയിക്കാനായത്.’’– കോടതി ചോദിച്ചു. അതേസമയം വോട്ടർപട്ടികയിൽ അന്തിമ തീരുമാനം എടുക്കുംമുൻപ് കോടതിയെ അറിയിക്കുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു. ബിഹാറിൽ കഴിഞ്ഞ 20 വർഷത്തിനിടെ നിരവധി ആളുകളെ കൂട്ടിച്ചേർക്കുകയും ഒഴിവാക്കുകയും ചെയ്തിട്ടുണ്ടെന്നും അത് ഇരട്ടിപ്പിന് കാരണമായെന്നും, അതിനാലാണ് വോട്ടർ പട്ടിക പരിഷ്കരിക്കാൻ ഉത്തരവിട്ടതെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

എന്നാൽ നിയമങ്ങളിലെങ്ങും പരാമർശിക്കാത്ത തരത്തിലുള്ള പരിഷ്കരണമാണ് കമ്മിഷൻ നടത്തുന്നതെന്നാണ് ഹർജിക്കാർ ആരോപിച്ചത്. ഇത് വിവേചനപരമായ നടപടിയാണെന്ന് വാദിച്ച ഹർജിക്കാർ ആധാറിനെ തിരിച്ചറിയൽ രേഖയിൽനിന്ന് ഒഴിവാക്കിയതിനെയും ചോദ്യം ചെയ്തു.