ആലുവയിൽ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കോടതി

 | 
Asfak Alam

ആലുവയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ അഞ്ചു വയസുകാരിയായ മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കോടതി. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി എറണാകുളം പോക്സോ കോടതി കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷ നവംബർ ഒൻപത് വ്യാഴാഴ്ച പ്രഖ്യാപിക്കും. പോക്സോ കോടതി ജഡ്ജി കെ സോമനാണ് വിധി പ്രഖ്യാപിച്ചത്. 

ബലാൽസംഗം, കൊലപാതകം എന്നിവയുൾപ്പെടെ പ്രതിക്കെതിരെ ചുമത്തിയ പതിനാറ് വകുപ്പുകളും തെളിഞ്ഞെന്നാണ് വിധിയിൽ കോടതി വ്യക്തമാക്കിയിരിക്കുന്നത്. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഇയാൾ നേരത്തേയും സമാന കുറ്റകൃത്യം ചെയ്തതായും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. അതേസമയം, ശിക്ഷാവിധിക്കു മുൻപായി പ്രതിയുടെ മാനസികാരോഗ്യ റിപ്പോർട്ട് പരിഗണിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇരു വാദങ്ങളും കേട്ടതിനു ശേഷമാണ് ശിക്ഷാവിധി വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് കോടതി വ്യക്തമാക്കിയത്. റെക്കോർഡ് വേഗത്തിലാണ് കേസിൽ അന്വേഷണവും കുറ്റപത്രം സമർപ്പിക്കലും വിചാരണയും പൂർത്തിയായത്. കുറ്റകൃത്യം നടന്ന് നൂറു ദിവസത്തിനുള്ളിൽ അന്വേഷണവും വിചാരണയും പൂർത്തിയാക്കാനായി.