6 ഷട്ടറുകള്‍ തുറന്നിട്ടും 138 അടിയാകുന്നില്ല; മുല്ലപ്പെരിയാറില്‍ റൂള്‍ കര്‍വ് പാലിക്കുന്നില്ലെന്ന് കോടതിയെ അറിയിക്കും

 | 
Mullaperiyar

ആറ് സ്പില്‍വേ ഷട്ടറുകള്‍ തുറന്നിട്ടും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് കാര്യമായി താഴുന്നില്ലെന്ന് വിലയിരുത്തല്‍. ജലനിരപ്പ് അല്‍പം താഴ്ന്നിട്ടുണ്ടെങ്കിലും റൂള്‍ കര്‍വ് അനുസരിച്ചുള്ള 138 അടിയിലേക്ക് എത്തിയിട്ടില്ല. നിലവില്‍ 138.80 അടിയാണ് ജലനിരപ്പ്. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. എന്നാല്‍ റൂള്‍ കര്‍വ് പാലിക്കുന്നില്ലെന്നത് ഉള്‍പ്പെടെയുള്ള സ്ഥിതിഗതികള്‍ സുപ്രീം കോടതിയെയും മേല്‍നോട്ട സമിതിയെയും അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

തമിഴ്‌നാട് കൂടുതല്‍ വെള്ളം കൊണ്ടുപോകേണ്ടതായിരുന്നെങ്കിലും അതുണ്ടായില്ല. ഇന്നലെ നാല് മണി മുതല്‍ കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. 7000 ഘനയടി വെള്ളം വരെ പുറത്തേക്ക് ഒഴുകിയാലും ആശങ്ക വേണ്ട. സ്വീകരിക്കേണ്ട എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ട്. കൂടുതല്‍ ഷട്ടറുകള്‍ തുറന്നതിനാല്‍ വള്ളക്കടവ് വരെയുള്ള ജലനിരപ്പ് നിരീക്ഷിച്ചു വരികയാണ്. മുല്ലപ്പെരിയാറില്‍ അടുത്ത മുന്നറിയിപ്പ് നല്‍കാന്‍ ഒരടി വെള്ളം കൂടി ഉയരണം. അപകടകരമായ നിലയിലേക്ക് എത്തിയതായി കണക്കാക്കണമെങ്കില്‍ രണ്ടടിയെങ്കിലും നിരപ്പ് ഉയരണം. നിലവില്‍ കാലാവസ്ഥയും മെച്ചപ്പെട്ടിട്ടുള്ളതിനാല്‍ ആശങ്ക വേണ്ടെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

കൃഷിമന്ത്രി പി.പ്രസാദിനൊപ്പം മന്ത്രി രാവിലെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സ്ഥിതി വിലയിരുത്തി. 138 അടിയിലേക്ക് എത്തുന്നതിന് വേണ്ട നടപടികളൊന്നും തമിഴ്നാടിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഓരോ പോയിന്റിലുമുള്ള കാര്യങ്ങള്‍ സുപ്രീം കോടതിയെ കൃത്യമായി അറിയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാത്രി 12 മണിക്ക് മുന്‍പായി 138 അടിയിലേക്ക് എത്തുകയെന്നത് ഇനി ഉണ്ടാകില്ലെന്നും അത് സുപ്രീം കോടതിയെ അറിയിക്കുമെന്നുമാണ് റോഷി അഗസ്റ്റിന്‍ വ്യക്തമാക്കിയത്.