തൃശൂരിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് 8 പേർ മരിച്ചു
തൃശൂർ ജില്ലയിലെ കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരിച്ചു. കാറിന്റെ ഡ്രൈവറും ഡിണ്ടിഗൽ എൻജിനിയറിങ് കോളജിലെ 7 വിദ്യാർഥികളുമാണ് മരിച്ചത്. വിശ്വ (സേലം), സന്തോഷ്, പ്രസന്ന (മധുര), മുരളീകൃഷ്ണന്‍, സൂര്യ, യുവസഞ്ജിത്, ജോഷ്വ (ഡിണ്ടിഗല്‍), ജീവ എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. യുവസഞ്ജിത്താണ് കാര്‍ ഓടിച്ചിരുന്നത്. വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. തമിഴ്നാട് റജിസ്ട്രേഷനുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗത്തിലാണ് കാർ സഞ്ചരിച്ചതെന്നാണ് റിപ്പോർട്ടുകൾ.
അപകടത്തിൽപ്പെട്ട കാർ പൂർണമായും തകർന്നിട്ടുണ്ട്. പാതയോരത്ത് നിർത്തിയിട്ട ലോറിയിൽ ഉറങ്ങിക്കിടന്നവരാണ് നാട്ടുകാരെ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ്, അഗ്നിരക്ഷാസേന ഉൾപ്പടെ സ്ഥലത്തെത്തി. വാഹനം വെട്ടിപ്പൊളിച്ചാണ് യാത്രചെയ്തവരെ പുറത്തെടുത്തത്. അപകടത്തിനു പിന്നാലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി. മൃതദേഹങ്ങൾ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രികളിലേക്കു മാറ്റി.
