97.26 ശതമാനവും തിരിച്ചെത്തി; ഇനിയും മാറ്റാനുള്ളത് 9760 കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകൾ

 | 
2000 currency

2000 രൂപ നോട്ടുകളിൽ 97.26 ശതമാനവും ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നിലവിൽ 9,760 കോടി വിലമതിക്കുന്ന നോട്ടുകൾ മാത്രമേ രാജ്യത്ത് ഉപയോഗത്തിലുള്ളൂവെന്നും ആർ.ബി.ഐ. അറിയിച്ചു. 

ആകെ 3.56 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകളാണ് രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്നത്. നോട്ട് പിൻവലിച്ചതിന് ശേഷം 2023 നവംബർ 30 ആയപ്പോഴേക്കും 97.26 ശതമാനാവും തിരിച്ചെത്തി. ഇനി 9,760 കോടി രൂപ മാത്രമാണ് അവശേഷിക്കുന്നതെന്നും ആർബിഐ വാർത്താക്കുറിപ്പിൽ പറയുന്നു. 2000 രൂപ നോട്ടുകൾ ഇപ്പോഴും സാധുവാണ്. മെയ് 19 നാണ് 2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്ന് ആർബിഐ പിൻവലിച്ചത്.

ജനങ്ങൾക്ക് രാജ്യത്താകമാനമുള്ള 19 ആർ.ബി.ഐ. ഓഫീസുകളിൽ നിന്നായി രണ്ടായിരം രൂപ നോട്ടുകൾ മാറ്റിയെടുക്കുകയോ നിക്ഷേപിക്കുകയോ ചെയ്യാം. തപാൽ വഴിയും ഓഫീസുകളിലേക്ക് നോട്ടുകളയക്കാം.